കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)സമര്‍പ്പിക്കും. 50 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം. 12,000 പേജുള്ള കുറ്റപത്രം കൊച്ചിയിലെ പ്രത്യേക കോടതിയിലായിരിക്കും സമര്‍പ്പിക്കുക.
കരുവന്നൂര്‍ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്. സതീഷ് കുമാറിനെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരന് പി. സതീഷ് കുമാര്‍, ഇടനിലക്കാരന് പി.പി. കിരണ്‍, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പി.ആര്. അരവിന്ദാക്ഷന്, കരുവന്നൂര്‍ ബാങ്ക് മുന്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ് എന്നിവര്‍ക്കെതിരായ കുറ്റപത്രമാണ് ഇന്ന് ഇഡി സമര്‍പ്പിക്കുന്നത്.
തട്ടിപ്പിന്റെ പിന്നിലെ ആസുത്രകർ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് നടന്നെന്നുമാണ് ഇഡി കണ്ടെത്തല്‍.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. കേസ് അന്വേഷണത്തിനിടെ ഇതുവരെയായി 87.75 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യത്തില്‍ പങ്കാളികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.