തൃശൂർ: ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം വിലക്കി ഹൈക്കോടതി ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡിന് കോടതി നിർദേശം നല്കി.
.എപിപി പ്രൊഡക്ഷൻ മാനേജർ ജോർജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പുതിയ സിനിമയുടെ ചിത്രീകരണം വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജോർജ് ദേവസ്വം കമ്മീഷണറെ സമീപിച്ചിരുന്നു.
എന്നാൽ ഈ അപേക്ഷ തള്ളുകയായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹർജി.സിനിമാ ചിത്രീകരണം ഭക്തർക്ക് സ്വതന്ത്രമായി ആരാധന നടത്തുന്നതിന് തടസമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ക്ഷേത്രമൈതാനത്ത് ചിത്രീകരണത്തിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പോകാൻ നിയന്ത്രണം വരുമെന്നും ബൗൺസേഴ്സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും കോടതി വിലയിരുത്തി.
ഇതിന് പുറമേ, ചിത്രീകരണം അനുവദിച്ചാൽ പാർക്കിംഗ് ഗ്രൗണ്ട് മലിനമാകും. വടക്കുംനാഥ ക്ഷേത്ര വിശ്വാസികൾക്ക് നിയന്ത്രണം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് മൈതാനത്ത് അനുമതി നൽകരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.