കളമശേരി സാമ്രാ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിന്റെ ഞെട്ടൽ ഇനിയും വിട്ടു മാറിയിട്ടില്ല. സംഭവത്തിൽ കൊച്ചി സ്വദേശി ഡൊമനിക് മാർട്ടിൻ പോലീസിൽ കീഴടങ്ങി.
ആശയപരമായി യഹോവാ സാക്ഷികളോട് ഒരു തരത്തിലും പൊരുത്തപ്പെടാൻ സാധിക്കാത്തതിനാലാണ് താൻ അവിടെ ബോംബ് വെച്ചതെന്ന് മാർട്ടിൻ സമ്മദിച്ചു.
ഇപ്പോഴിതാ യഹോവാ സാക്ഷികളെ കൊല്ലണമെന്നും തനിക്ക് തോന്നിയിട്ടുണ്ടെന്ന നടിയും ആക്ടിവിസ്റ്റും മോഡലുമായ ജോമോൾ ജോസഫിന്റെ വാക്കുകളാണ് വിവാദമാകുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോമോൾ ഈ കാര്യം പറഞ്ഞത്.
പോസ്റ്റിന്റെ പൂർണ രൂപം…
എനിക്കും തോന്നിയിട്ടുണ്ട് ഇവറ്റകളെ കൊല്ലണം എന്ന് !!
യഹോവസാക്ഷികളോട് ദേഷ്യം തോന്നിയെന്നു കരുതി ഒരാൾക്ക് ബോംബ് വെച്ച് ആളുകളെ കൊല്ലാനൊക്കെ പറ്റുമോ?
ഈ ചോദ്യം നമ്മളിൽ എത്രപേർ ഇന്നലെ മുതൽ പരസ്പരം ചോദിച്ചിട്ടുണ്ടാകും ?
ഈ വാർത്ത കേട്ടവരൊക്കെ “സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല അയാളുടെ പ്രവർത്തി” എന്ന് ഉറപ്പായും പറഞ്ഞു കാണില്ലേ ?
ബഹു ഭൂരിഭാഗം ആളുകൾക്കും ഈ സംഭവം ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടുണ്ടാകുമോ ?
എന്നാൽ അയാൾ ഇങ്ങനെ ചെയ്തു എന്ന വാർത്തയിൽ എനിക്ക് ഒരു അതിശയവും തോന്നിയില്ല.
കാരണം..
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്കും തോന്നിയിട്ടുണ്ട് ഇവറ്റകളെ കൊന്നാലോ എന്ന് !!
അതിശയം തോന്നുണ്ടോ ? അതിശയിക്കണ്ട, സത്യമാണ്…
ഞാൻ കാര്യം പറയാം..
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഞങ്ങളുടെ അയല്പക്കത്തെ വീട്ടിൽ അത്രമേൽ വേണ്ടപ്പെട്ട അടുപ്പമുള്ള ആളുകളായിരുന്നു. വളരെ പാവപ്പെട്ട കുടുംബം, അവർ ക്രിസ്ത്യൻ മതം വിട്ട് യഹോവ സാക്ഷികളായി മാറി.
ആ വീട്ടിലെ ആന്റിക്ക് കാലിനു വയ്യായിരുന്നു, രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയുമായിരുന്നു ആന്റിക്ക്, മൂത്ത മകനും ഞാനും ഒരേ പ്രായം. അവനെക്കാൾ ഒരു വയസ്സ് താഴെ അവന്റെ അനിയൻ, അവനെക്കാൾ മൂന്ന് വയസ്സിനു ഇളയതാണ് പെൺകുട്ടി നവോമി. ആന്റിയുടെ ഭർത്താവ് അവരെ ഉപേക്ഷിച്ചു പോയി.
ഞാൻ പത്തിൽ പഠിക്കുമ്പോൾ ആന്റിയുടെ മകൾ നവോമിക്ക് 11-12 വയസ്സു കാണും, നാലു വയസ്സുള്ളപ്പോൾ മുതൽ (ഞങ്ങളുടെ മോൾ ആമിയുടെ പ്രായം) നവോമിക്ക് ഇടയ്ക്കിടെ ശ്വാസം മുട്ടൽ വരും, ശ്വാസം മുട്ടൽ എന്ന് പറഞ്ഞാൽ, അത്ര കടുത്ത ശ്വാസം മുട്ടൽ, ശ്വാസമൊക്കെ കിട്ടാതെ കണ്ണുകളൊക്കെ തള്ളി പുറത്തേക്ക് വരുന്ന അവസ്ഥ.
ആ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാനോ ചികിത്സ നൽകാനോ യഹോവസാക്ഷികൾ സമ്മതിക്കില്ല, അത്തരം നീക്കങ്ങൾ നടന്നാൽ അപ്പോളേക്കും സഹോദരങ്ങൾ (യഹോവ സാക്ഷികളായ വിശ്വാസികളെ പരസ്പരം അഭിസംബോധന ചെയ്യുന്നത് സഹോദരങ്ങൾ എന്നാണ്) പാഞ്ഞെത്തും, ആ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ സമ്മതിക്കില്ല, ശ്വാസം കിട്ടാതെ കണ്ണുകൾ പുറത്തേക്ക് തള്ളി കിടന്ന് പുളയുന്ന ആ കുഞ്ഞിന് ചുറ്റും ഇവർ വട്ടം കൂടി നിന്ന് വലിയ വായിൽ പ്രാർത്ഥനയും കൈകൊട്ടി പാടലും തുടങ്ങും.
“യഹോവ (ദൈവം) തന്നതാണ് ഈ പരീക്ഷണം, യഹോവ തന്നേ കുഞ്ഞിനെ രക്ഷിക്കും” ഇതാണ് ഇവരുടെ ലൈൻ.
നാല് വയസ്സ് മുതൽ ഈ കുഞ്ഞിന് ചികിത്സ നിഷേധിച്ച്, കുഞ്ഞുനവോമിയെ 12 വയസ്സുവരെ ഇവർ നരകിപ്പിച്ചുകൊണ്ടേയിരുന്നു.
ഒരു ദിവസം ആന്റിയുടെ ആങ്ങളയുടെ ഭാര്യ ആന്റിയുടെ വീട്ടിൽ ചെന്നപ്പോൾ, നവോമി ശ്വാസം കിട്ടാതെ കിടന്ന് പുളയുന്നു, യഹോവ സാക്ഷികളായ ആളുകൾ ചുറ്റിലും കൂടി നിന്ന് വലിയ വായിൽ പ്രാർത്ഥിക്കുന്നു. ആന്റിയുടെ ആങ്ങളയുടെ ഭാര്യ നവോമിയെയും എടുത്ത് പുറത്തേക്കൊടി, ബന്ധുക്കളേം കൂട്ടി ആശുപത്രിയിലേക്ക് പോയി, ബന്ധുക്കളും (അവരൊക്കെ ക്രിസ്ത്യൻ മതത്തിലാണ് ഉള്ളത്) നാട്ടുകാരും ഒക്കെ ഇടപെട്ട് നവോമിക്ക് ചികിത്സ നടത്താനുള്ള ഏർപ്പാടുകൾ ആശുപത്രിയിൽ വെച്ച് ചെയ്യുമ്പോളേക്കും, പുറകെ “വിശ്വാസി സഹോദരങ്ങളും” ആശുപത്രിയിലേക്ക് പാഞ്ഞെത്തി ബഹളം തുടങ്ങി.
നവോമിയുടെ ഹൃദയത്തിന്റെ വാൾവിന് കംപ്ലയിന്റ് ആണ്, ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആകെയുള്ള വഴി ഹൃദയത്തിന്റെ വാൽവ് മാറ്റിവെക്കൽ മാത്രമാണ്.
അടിയന്തിരമായി സർജറി ചെയ്യണം. നാട്ടുകാരും ബന്ധുക്കളും ഒക്കെ കൂടെ ഇടപെട്ട് പണം കണ്ടെത്തി സർജറിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ “വിശ്വാസി സഹോദരങ്ങൾ” അടുത്ത പ്രശ്നവുമായി ആശുപത്രിയിൽ ബഹളം തുടങ്ങി.
സർജറി ചെയ്യാം, പക്ഷെ നവോമിയുടെ ശരീരത്തിൽ വേറെ ബ്ലഡ് കേറ്റാൻ പാടില്ല!!
പന്ത്രണ്ടു വയസ്സുള്ള നവോമിയുടെ ഹൃദയത്തിന്റെ വാൽവ് മാറ്റിവെക്കൽ ശാസ്ത്രക്രിയ്യ ചെയ്യുമ്പോഴാണ്, അടിയന്തിര സാഹചര്യം വന്നാൽ നവോമിയുടെ ജീവൻ നിലനിർത്താൻ വേറെ ആളുടെ രക്തം അവളുടെ ശരീരത്തിൽ കയറ്റാൻ പാടില്ല എന്ന് ഈ യഹോവസാക്ഷികൾ പറയുന്നത്!!
ബന്ധുക്കളുടെയും നാട്ടുകാരുടെയും നിർബന്ധത്തിന് വഴിപ്പെടാൻ തയ്യാറാകാതെ, ഇക്കൂട്ടർ അമ്പിനും വില്ലിനും അടുക്കാതെ വന്നപ്പോൾ സർജറി നടക്കില്ല എന്ന സാഹചര്യതിലേക്ക് കാര്യങ്ങളെത്തിച്ചേർന്നു. ഒടുവിൽ ആശുപത്രി അധികൃതരും ഡോക്ടർമാരും ഇടപെട്ട് “സർജറിക്ക് ഇടയിൽ ബ്ലഡ് കയറ്റാതെ നവോമിയുടെ ജീവൻ നഷ്ടപ്പെട്ടാൽ ആശുപത്രി അധികൃതർ ഉത്തരവാദികളല്ല, ആ ഉത്തരവാദിത്തം എനിക്കാണ് എന്ന് ആന്റിയെക്കൊണ്ട് സമ്മതപത്രം എഴുതി ഒപ്പിടിവിപ്പിച്ചു കൊണ്ട് സർജറി നടത്താമെന്ന് തീരുമാനമായി.
ആന്റി സമ്മതപത്രം എഴുതിയൊപ്പിട്ടുകൊടുത്തു. നവോമിയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി, സർജറിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി, ഓപ്പറേഷൻ തീയെറ്ററിന്റെ പുറത്ത് ഇവറ്റകളുടെ കൈകൊട്ടിപ്പാട്ടും ആരംഭിച്ചു.
മണിക്കൂറുകൾ നീണ്ട സർജറി, ഡോക്ടർമാരുടെ കഴിവ് കൊണ്ട് നവോമിയുടെ ഹൃദയത്തിന്റെ വാൽവിന് പകരം പന്നിയുടെ ഹൃദയത്തിന്റെ വാൾവ് മാറ്റി വെക്കുന്ന സർജറി വിജയിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ ചരിത്രത്തിലെ (കേരള ചരിത്രത്തിലെ തന്നേ ആദ്യ സർജറിയെന്നാണ് ഞാൻ കരുതുന്നത്) പകരം രക്തം കയറ്റാതെ നടത്തിയ ഹൃദയവാൾവ് മാറ്റിവെക്കൽ സർജറി വിജയിച്ചു..
ഈ സംഭവം പിറ്റേന്ന് മനോരമ അടക്കം സകല പത്രങ്ങളിലും മുൻപേജിൽ വലിയ വാർത്തയായി. ആ വാർത്തയിൽ വന്നത് ഈ വിശ്വാസി സഹോദരങ്ങളാണ് ഈ സർജറി നടത്താനുള്ള പണം കണ്ടെത്തിയതെന്നും, ഈ വിശ്വാസി സഹോദരങ്ങൾ കാരണമാണ് ആദ്യ ഹൃദയ വാൾവ് മാറ്റിവെക്കൽ സർജറി നടന്നതെന്നും!!
നവോമി കുഞ്ഞായിരുന്നപ്പോൾ മുതൽ ചികിത്സ തടഞ്ഞുകൊണ്ട് ആ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിയിടാൻ നോക്കിയവർ, അവൾക്ക് 12 വയസ്സ് ആയപ്പോൾ ബന്ധുക്കളും നാട്ടുകാരും ഇടപെട്ട് നടത്തിയ ആ സർജറിയുടെ ക്രെഡിറ്റ് ഏറ്റെടുത്തതുകൊണ്ടല്ല എനിക്കവരെ കൊല്ലണം എന്ന് തോന്നിയത്!!
നവോമിയുടെ ചികിത്സ ഈ “വിശ്വാസി സഹോദരങ്ങൾ” ഇടപെട്ട് ഓരോ തവണയും തടഞ്ഞുകൊണ്ടിരുന്നപ്പോൾ, ഇവറ്റകളെ തല്ലിയോടിച്ചോ കൊന്നോ അവളെയും എടുത്തുകൊണ്ട് ഏതേലും ആശുപത്രിയിലേക്ക് ഓടിയാലോ എന്ന് പലതവണ ഞാൻ ചിന്തിച്ചിട്ടുണ്ട്. അന്ന് വെറും പതിനഞ്ചു വയസ്സ് മാത്രമുള്ള പത്താം ക്ലാസ്സിൽ പഠിക്കുന്ന ഈ പെണ്ണിന് വേറെന്താ ചിന്തിക്കാൻ കഴിയുക ?
ഇതാണ് ഇവരുടെ വിശ്വാസം..
ഇവരുടെ കുഴപ്പം എന്താണെന്നോ ?
ഇവർക്ക് ഒരു കേന്ദ്രീകൃത സംവിധാനമോ സംഘടനാ സംവിധാനമോ സ്ഥാപന വ്യവസ്ഥയോ ഇല്ല. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകളാണ് എന്ന് പറയുന്നതുപോലെ, ആളുകൾ കൂട്ടംകൂടി ഒച്ചവെച്ച് പ്രാർത്ഥിച്ചുകൊണ്ട് കൈകൊട്ടിപ്പാട്ടും നടത്തി ആളുകളെ അകറ്റുമ്പോൾ, വിശ്വാസികളെ സമൂഹത്തിൽ നിന്നും അടർത്തി മാറ്റിയെടുക്കുമ്പോൾ ഇവരുടെ ഇടയിലേക്ക് നാട്ടുകാർക്കോ ബന്ധുക്കൾക്കോ എങ്ങനെ കടന്ന് ചെല്ലാൻ പറ്റും?
മാരക രോഗം വന്ന് ചികിത്സ നൽകാൻ സമ്മതിക്കാതെ ആളുകളെ മരണത്തിലേക്ക് തള്ളിവിട്ടാൽ പോലും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഏതേലും ആളുകളോ സ്ഥാപനമോ സംഘടനയോ ഇല്ല എന്നിടത്താണ് ആ മരണത്തിന്റെ ഉത്തരവാദിത്തം മരിച്ച ആളിന്റെ ബന്ധുക്കളിൽ മാത്രം നിക്ഷിപ്തമാക്കി ഇവർ നിയമത്തിനു മുന്നിൽ നിന്ന് പോലും മറഞ്ഞു നിൽക്കുന്നത്. ഇതാണ് ഇവർക്ക് ഒരു നേതൃത്വമോ സംഘടനയോ സ്ഥാപനമോ ഇല്ലാത്തതിന്റെ നിയമപരമായ ഗുണം.
ഇവരിൽ പെട്ട ആർക്കുവേണേലും എങ്ങനെ വേണേലും വിശുദ്ധ ഗ്രന്ഥം വ്യാഖ്യാനിച്ചുകൊണ്ട് വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നു എന്ന ലേബലിൽ എന്ത് തോന്നിയവാസവും ചെയ്യാം. ഇവർക്കിടയിൽ പെട്ട് പോയാൽ ആരായാലും രക്ഷെപ്പെടുക പാടാണ്.
പരിക്ക് പറ്റി മരത്തിനു മുകളിലെ കൂട്ടിൽ നിന്നും നിലത്തു വീഴുന്ന കാക്കക്കുഞ്ഞിനെ രക്ഷിക്കാനായി നിങ്ങളൊന്നു ചെന്നു നോക്കിക്കേ, കാക്കകൾ മുഴുവനും കൂട്ടമായി ബഹളം വെച്ചുകൊണ്ട് നിങ്ങളെ ആക്രമിക്കാൻ പാഞ്ഞടുക്കില്ലേ? ആ ക്കാക്കക്കുഞ്ഞ് അവിടെ കിടന്ന് ചത്തുപോയാൽ പോലും അതിനെ രക്ഷപ്പെടുത്താൻ കാക്കക്കൂട്ടം നിങ്ങളെ അനുവദിക്കുമോ ?
ഒരിക്കലുമില്ല.
അതുപോലെതന്നെയാണ് ഇവരും. വിശ്വാസത്തിന്റെ പേരിൽ ഇവർ ചെയ്ത് കൂട്ടുന്നത് ഒന്നാംതരം സാമൂഹ്യദ്രോഹമാണ്. ആന്റി സോഷ്യലാണ് ഇവരുടെ നിലപാടുകൾ.
ഇന്നലെ കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ ബോംബ് വെച്ച മനുഷ്യൻ ആറു വർഷമായി യഹോവസാക്ഷി വിശ്വാസ സമൂഹത്തിൽ നിന്നും അകന്നിട്ട് എന്ന് വാർത്തയിൽ കണ്ടു.
അയാൾ വിദേശത്ത് ജോലി ചെയ്യുന്ന ആളാണെന്നും സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന
ആളെന്നും, ഫോർ മാൻ ആണെന്നും അയാളുടെ മകൻ ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്നു എന്നുമൊക്കെ വാർത്തയിൽ കണ്ടു.
കുറ്റം ഏറ്റെടുത്തുകൊണ്ടുള്ള അയാളുടെ ഫേസ്ബുക് വിഡിയോയും കണ്ടു.
അയാൾ മാനസീകമായി നല്ല സ്റ്റെബിലിറ്റി ഉള്ള ആളായും, അയാളും കുടുംബവും നല്ലരീതിയിൽ സെറ്റിൽഡ് ആണെന്നും മനസ്സിലാകുന്നു. എന്നിട്ടും;
എന്നിട്ടും.
മൂന്ന് മരണങ്ങൾക്ക് കാരണമായ, നിരവധി ആളുകൾക്ക് മാരകമായി പരുക്കേറ്റ, ഇത്രവലിയ ആൾക്കൂട്ടത്തിനിടയിൽ ബോംബ് വെച്ച് വലിയൊരു മഹാപാതകം ചെയ്യാൻ അയാൾ പ്ലാൻ ചെയ്ത്, തീവ്രവാദ, രാജ്യവിരുദ്ധമായ ആ പ്ലാൻ നടപ്പിലാക്കി എങ്കിൽ, അത് അയാൾ ഉദ്ദേശിച്ചതിൽ നിന്നും വളരെ കുറഞ്ഞ തോതിൽ ഉള്ള പ്രഹര ശേഷിയിൽ അവസാനിച്ചു എങ്കിൽ, ബോംബ് ഉണ്ടാക്കുന്ന ഫോർമുല മാധ്യമങ്ങൾ പൊതുജനങ്ങൾക്ക് പകരരുത് എന്നും അത് വലിയ അപകടമാണ് എന്നും അയാൾക്ക് കുറ്റസമ്മത വീഡിയോയിൽ പറയാൻ അയാൾക്ക് കഴിഞ്ഞു എങ്കിൽ;
എങ്കിൽ..
ഒന്നുറപ്പാണ്
അവിടെ സമ്മേളിച്ച സകല ആളുകളും കത്തി ചാമ്പലായി മാറണം എന്ന ഉദ്ദേശത്തോടെ ഉറച്ച തീരുമാനത്തോടെ ആണ് അയാൾ ഈ കൊടും കുറ്റകൃത്ത്യതിന് മുതിർന്നിരിക്കുന്നത്.
ട്രാൻസ് സിനിമയിൽ ജോഷ്വാ പാസ്റ്റർ കാരണം വിനായകന്റെ കഥാപാത്രത്തിന്റെ കുഞ്ഞിന് വിശ്വാസത്തിന്റെ പേരിൽ, പ്രാർത്ഥനയുടെ ലേബലിൽ ചികിത്സ കിട്ടാതെ മരിച്ചത് സിനിമയിൽ കണ്ടിട്ട് അത് സിനിമയല്ലേ എന്ന് കരുതി നമ്മളൊക്കെ ലാഘവത്തോടെ കണ്ടു.
അത്തരം നിരവധി സംഭവങ്ങൾ നമുക്കിടയിൽ നടക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ രക്തം കയറ്റാതെ നടത്തിയ ആദ്യ ഹൃദയവാൽവ് മാറ്റിവെക്കൽ സർജറിക്ക് പിന്നിൽ എനിക്ക് നേരിട്ട് അറിയുന്ന ഇത്രയും ഹൃദയ ഭേദകമായ നവോമിയുടെ കഥയുണ്ട് എങ്കിൽ, എന്തോ വലിയ അപകടം ആയാളും നേരിട്ടിട്ടുണ്ടാകുകയോ അപകടത്തിനു സാക്ഷിയോ ഇരയോ ആകേണ്ടി വരികയും ചെയ്ത ഹതഭാഗ്യനോ ആകും ഒരു പക്ഷെ ഇയാൾ.
അയാൾക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് എങ്കിലും ഇല്ലെങ്കിലും ആ അവസ്ഥ മനസ്സിലാക്കി ഈ വിശ്വാസമഹൂഹത്തിന്റെ മനുഷ്യത്വവിരുദ്ധമായ ഇടപെടലുകളിലേക്ക് നമ്മുടെ സർക്കാർ സംവിധാനങ്ങൾ കടന്ന് ചെന്ന് ഇത്തരം നെറികേടുകൾ ഇല്ലാതാക്കണം.
കാരണം പാവപ്പെട്ടവരിൽ പാവപ്പെട്ടവർ ആണ് ഈ വിശ്വാസ സമൂഹത്തിലെ ബഹുഭൂരിപക്ഷവും. വളരെ കുറച്ച് സമ്പന്നരായ ആളുകൾ മാത്രമാണ് ഈ വിശ്വാസ സമൂഹത്തിലുള്ളത്, അവരാണ് ഈ പാവങ്ങളെ വിശ്വാസത്തിന്റെ പേരിലിട്ട് പന്ത് തട്ടി കളിക്കുന്നത്.
……NOTE……
ഒരു കൊടും കുറ്റകൃത്യം ചെയ്ത ക്രിമിനലിനേയൊ അയാൾ ചെയ്ത കൊടും പാതകത്തെയോ (തീവ്രവാദം) ന്യായീകരിക്കാനോ സാമൂഹ്യ വിരുദ്ധ സന്ദേശമായോ മത സാമൂഹിക സ്പർദ്ധ വളർത്താനോ മരിച്ചുപോയ നവോമിയുടെ ബന്ധുക്കളെ വേദനിപ്പിക്കാനോ അല്ല എന്റെ ഈ വാക്കുകൾ.
ശ്വാസം കിട്ടാതെ കണ്ണുകൾ പുറത്തേക്ക് തള്ളി പലപ്പോളും ജീവന് വേണ്ടി പുളഞ്ഞ എന്റെ നവോമിക്ക് വേണ്ടി മാത്രം, അവളുടെ നിസ്സഹായാവസ്ഥ 17-18 വർഷങ്ങൾക്കിപ്പുറവും എന്നെ വേട്ടയാടുന്നതു കൊണ്ടും, ആ അവസ്ഥയിൽ അവൾക്ക് വേണ്ടി എനിക്ക് ഒരു ചെറുവിരൽ അനക്കാൻ പോലും കഴിയാതെ പോയതിന്റെ വേദനയിൽ എന്റെ കണ്ണുകൾ ഇന്നും നിറയുന്നതുകൊണ്ടും നവോമിയെപ്പോലെയുള്ള നൂറു കണക്കിന് മനുഷ്യർക്ക് വേണ്ടി ഇന്ന് ഞാനീ വാക്കുകൾ കുറിക്കുന്നു.
എന്റെ വാക്കുകൾ തെറ്റായി പോയി എങ്കിൽ, ഈ നാട്ടിലെ നിയമ സംവിധാനങ്ങൾ നൽകുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാനും ഞാൻ തയ്യറാണ്..
സ്നേഹപൂർവ്വം
ജോമോൾ പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.