തലശേരി: ജില്ലാ കോടതി കെട്ടിട സമുഛയത്തിൽ പ്രവർത്തിക്കുന്ന മൂന്ന് കോടതികളിൽ ജോലി ചെയ്യുന്ന ജഡ്ജിമാർക്കും ജീവനക്കാർക്കും അജ്ഞാതരോഗം പിടിപെട്ടതോടെ ഹൈക്കോടതിയുടെ അനുമതിയോടെ മൂന്ന് കോടതികൾ അടച്ചിട്ടു. അഡീഷണൽ ജില്ലാ കോടതികളും പ്രിൻസിപ്പൽ സബ് കോടതിയുമാണ് അടച്ചിട്ടത്.
ഇന്നലെ മെഡിക്കൽ സംഘം മുപ്പത് പേരിൽനിന്നായി ശേഖരിച്ച രക്തവും സ്രവവും പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. ശരീരത്തിൽ കുരുക്കളും ചൊറിച്ചിലും പനിയുമാണ് രോഗ ലക്ഷണം.
രണ്ട് വനിത ജഡ്ജിമാർ ഉൾപ്പെടെ മൂന്ന് പേരാണ് ഇപ്പോൾ ചികിത്സ തേടിയിട്ടുള്ളത്. ഒരേ കെട്ടിടത്തിൽ താഴെയും മുകളിലുമായി പ്രവർത്തിക്കുന്ന മൂന്ന് കോടതികളുമായി ബന്ധപ്പെടുന്നവർക്കാർക്ക് രോഗബാധയുള്ളത്.
രോഗം ബാധിച്ചവരുടെ വീടുകളിലുള്ളവർക്ക് രോഗം പകർന്നിട്ടില്ലായെന്നത് ആശ്വാസകരമായിട്ടുണ്ട്. രക്ത-സ്രവ പരിശോധന റിപ്പോർട്ട് വരാതെ രോഗ കാരണം പറയാൻ സാധിക്കില്ലെന്ന് മെഡിക്കൽ സംഘം പറഞ്ഞു.
ജില്ലാ കോടതിക്കായി പണി പൂർത്തിയായി വരുന്ന എട്ട് നിലയുള്ള പുതിയ കോർട്ട് കോംപ്ലക്സ് കെട്ടിടത്തിന്റെ തൊട്ടടുത്താണ് മൂന്ന് കോടതികളും പ്രവർത്തിക്കുന്നത്. പ്രവൃത്തി നടക്കുന്ന പകൽ മുഴുവൻ ഇവിടെനിന്നു പൊടിപടലങ്ങൾ ഉയരുന്നുണ്ട്.
കൂടാതെ പണി പൂർത്തിയായ കെട്ടിടനിലകളിൽ പെയിന്റ് ചെയ്യുമ്പോൾ ഇതിന്റെ തിന്നർ, പുട്ടി തുടങ്ങിയവയിൽനിന്നു കെമിക്കലുകൾ ഉയർന്ന് സമീപത്തെ കോടതികളിൽ എത്തുന്നുണ്ട്.
തറനിരപ്പിൽനിന്നു മണ്ണ് കിളച്ചു മാറ്റിയാണ് പുതിയ കോംപ്ലക്സിന്റെ അടിവശത്ത് വാഹന പാർക്കിംഗിന് സൗകര്യമൊരുക്കുന്നത്. കടൽ തീരത്തിനടുത്തുള്ള ഭൂമി കിളച്ചു കോരുമ്പോൾ ഈ മണ്ണിന് സ്വാഭാവികമായ സങ്കീർണത ഉണ്ടാവാൻ സാധ്യതയുണ്ടെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതിന്റെയെല്ലാം പരിണിത ഫലമാവാം രോഗം പടരാൻ കാരണമെന്നും അഭിപ്രായമുണ്ട്.