എസ്.ആർ. സുധീർ കുമാർ
കൊല്ലം: വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ സർവീസ് ആരംഭിക്കുന്ന വന്ദേ സാധാരൺ പുഷ്പുൾ എക്സ്പ്രസിന്റെ ആദ്യ റേക്ക് ഉടൻ കേരളത്തിൽ എത്തും. ഇതിനുള്ള നടപടി ക്രമങ്ങൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ അവസാന ഘട്ടത്തിലാണ്.
കേരളത്തിൽ എറണാകുളം-ഗുവാഹാത്തി റൂട്ടിൽ സർവീസ് നടത്താനാണ് റെയിൽവേ ബോർഡ് തീരുമാനിച്ചിട്ടുള്ളത്. മികച്ച നിലവാരവും മെച്ചപ്പെട്ട സൗകര്യവുമുള്ള ചെലവുകുറഞ്ഞ യാത്രയാണ് വന്ദേസാധാരണിന്റെ പ്രത്യേകത.
വന്ദേ സാധാരൺ റേക്കുകളുടെ പരിശീലന ഓട്ടം കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പൂർത്തിയായി.
ആദ്യ ഘട്ടത്തിൽ രാജ്യത്ത് അഞ്ച് സർവീസുകൾ ആരംഭിക്കുമെന്നാണ് റെയിൽവേ ബോർഡ് അധികൃതർ നൽകുന്ന വിവരം. ഇതിലൊന്നാണ് കേരളത്തിനും ലഭിക്കുക. എറണാകുളം – ഗുവാഹാത്തി റൂട്ടിന് പുറമേ പട്ന- ന്യൂഡൽഹി, ഹൗറ- ന്യൂഡൽഹി, ഹൈദരാബാദ്- ന്യൂഡൽഹി, മുംബൈ- ന്യൂഡൽഹി റൂട്ടിലും വന്ദേ സാധാരൺ പുഷ്പുൾ എക്സ്പ്രസ് ട്രെയിനുകൾ അനുവദിച്ചേക്കും.
വന്ദേ സാധാരൺ കഴിഞ്ഞ മാസം അവസാന വാരം മുതൽ ആരംഭിക്കാനാണ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചിരുന്നത്. റേക്കുകളുടെ രൂപകൽപ്പനയിലടക്കം നേരിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നതിനാൽ സർവീസ് ആരംഭിക്കുന്നത് ഈ മാസം 15 – ലേയ്ക്ക് മാറ്റുകയായിരുന്നു.
സാധാരണക്കാർക്ക് കുറഞ്ഞനിരക്കിൽ ദീർഘദൂര യാത്ര സാധ്യമാക്കുക എന്നതാണ് വന്ദേ സാധാരൺ എക്സ്പ്രസുകളുടെ ലക്ഷ്യം.
22 കോച്ചുകളിലായി 1,834 പേർക്ക് ഒരുസമയം യാത്രചെയ്യാൻ കഴിയും. മണിക്കൂറിൽ 130 കിലോമീറ്റർ വേഗമാണ് ഇവയ്ക്കുണ്ടാവുക. പുഷ്പുൾ ആയതിനാൽ സ്റ്റേഷനുകളിൽ ഷണ്ടിംഗിനായി കൂടുതൽ സമയം നിർത്തിയിടുകയും വേണ്ട.
അടുത്ത വർഷത്തോടെ 23 റൂട്ടുകളിൽക്കൂടി വന്ദേ സാധാരൺ പുറത്തിറക്കാനാണ് നീക്കം. പുഷ്പുൾ ട്രെയിനുകൾ ആയതിനാൽ മുമ്പിലും പുറകിലും എൻജിനുകൾ ഉണ്ടാകും.
ഇത്തരത്തിൽ കൂടുതൽ വണ്ടികൾ സർവീസ് ആരംഭിക്കുന്നതിന് കൂടുതൽ എൻജിനുകൾ വേണ്ടി വരും. ഇതിന് അടിയന്തിര പരിഹാരം കാണുന്നതിന്റെ ഭാഗമായി 600 എൻജിനുകൾ നിർമിക്കാനുള്ള കരാർ ബനാറസ് ലോക്കോമോട്ടീവ് വർക്ക്സിന് നൽകിയിട്ടുണ്ട്. 2024 മാർച്ചിന് മുമ്പ് ഇവയുടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.