തിരുവനന്തപുരം: എല്ലാവർഷവും വൈദ്യുതി നിരക്ക് കൂട്ടുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി. നിരക്കുവർധനയില്ലാതെ മറ്റു മാർഗങ്ങളില്ലെന്നും ജനങ്ങൾ ഇതിനായി തയാറാകണമെന്നും മന്ത്രി. റഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന രീതിയിൽ മുന്നോട്ടുപോകുക മാത്രമേ നിർവാഹമുള്ളൂ.
അത്ര വലിയ ചാർജ് വർധനയില്ലെന്നും മറ്റെല്ലാ സാധനങ്ങളുടെയും വില വർധിച്ചല്ലോയെന്നും വേറെ വഴിയില്ലെന്നും മന്ത്രി പറഞ്ഞു.വരവുചിലവ് കണക്ക് നോക്കി ലാഭവും നഷ്ടവുമില്ലാതെ മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. ബോർഡ് നഷ്ടത്തിലായാൽ അത് കടമെടുപ്പിനെ ബാധിക്കും.
ഇലക്ട്രിസിറ്റി ബോർഡിന്റെ ചെലവുകൾ കമ്മിയാക്കാൻ പുനഃക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാവർഷവും വൈദ്യുതി നിരക്ക് കൂട്ടും; വേറെ വഴിയില്ല, ജനങ്ങൾ തയാറാകണമെന്ന് മന്ത്രി കൃഷ്ണൻകുട്ടി
ഗാർഹിക ഉപഭോക്താക്കൾക്ക് വിവിധ സ്ലാബുകളിലായി യൂണിറ്റൊന്നിന് 10 മുതൽ 30 പൈസ വരെയാണ് വർധന. ഇതിനു പുറമേ പ്രതിമാസം നൽകേണ്ട ഫിക്സഡ് ചാർജും കുത്തനെ കൂട്ടി. ഫിക്സഡ് ചാർജ് ഇനത്തിൽ അഞ്ചു രൂപ മുതൽ 20 രൂപ വരെയുള്ള വർധനയാണ് വരുത്തിയത്. ഈ മാസം ഒന്നുമുതൽ നിരക്കു വർധനയ്ക്കു പ്രാബല്യമുണ്ട്.
പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്കു വർധനയില്ല. ഇവർക്ക് യൂണിറ്റൊന്നിന് 1.50 രൂപ എന്ന നിരക്കിലുള്ള തുക നൽകിയാൽ മതി. നിരക്കു വർധനയിലൂടെ കെഎസ്ഇബിക്ക് ഒരു വർഷം 1044 കോടി രൂപയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
പ്രതിമാസം 150 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് 122 രൂപയുടെ വർധനയാണ് ഉണ്ടാവുക. നിലവിൽ പ്രതിമാസം 150 യൂണിറ്റ് ഉപയോഗിക്കുന്നവർ 605 രൂപയാണ് എനർജി ചാർജ് ഇനത്തിൽ നൽകേണ്ടത്.
എന്നാൽ പുതിയ വർധനയോടെ ഇത് 728 രൂപയോളമാകും. അതായത്, രണ്ടു മാസം കൂടുന്പോൾ വരുന്ന ഒരു വൈദ്യുതി ബില്ലിൽ എനർജി ചാർജിന് മാത്രം 244 രൂപയുടെ വർധനയുണ്ടാകും. ഇതിനു പുറമെ രണ്ടു മാസത്തെ ഫിക്സഡ് ചാർജായ 170 രൂപയും നിലവിൽ ഈടാക്കുന്ന സർചാർജും നൽകണം.