അമ്പലപ്പുഴ: സ്കൂൾ കലോത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ കേസിലെ പ്രതിയായ പോലീസുകാരനെ സസ്പെന്ഡ് ചെയ്തു. അമ്പലപ്പുഴ ഡിവൈഎസ്പിയുടെ സ്ക്വാഡിലെ അംഗവും എടത്വ സ്റ്റേഷനിലെ പോലീസുകാരനുമായ കാക്കാഴം കൊട്ടാരത്തിൽ വീട്ടിൽ വിജയകുമാറിന്റെ മകൻ വി. ഹരികൃഷ്ണനെ (34) യാണ് ജില്ലാ പോലീസ് മേധാവി സസ്പെന്റ് ചെയ്തത്.
കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു ദിവസം മുൻപായായിരുന്നു സംഭവം. സ്കൂൾ കലോത്സവം നടക്കുന്നതിനിടെ മൂന്നംഗ സംഘം സ്കൂളിലെത്തി ബഹളം വയ്ക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത പ്രഥമാധ്യാപികയെ ഇവർ അസഭ്യം പറയുകയും മൈക്ക് ഓപ്പറേറ്ററുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.ഇതോടെ പിടിഎ ഭാരവാഹികൾ ഹരികൃഷ്ണൻ, ഭാര്യാസഹോദരൻ കായംകുളം പത്തിയൂർ ഉത്രം വീട്ടിൽ സജീവ് കുമാറിന്റെ മകൻ അക്ഷയ് (25) എന്നിവരെ പിടികൂടി മുറിയിൽ പൂട്ടിയിട്ട ശേഷം അമ്പലപ്പുഴ സ്റ്റേഷനിൽ വിവരമറിയിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന അനീഷ് എന്ന യുവാവ് ഓടി രക്ഷപ്പെട്ടു.
പ്രഥമാധ്യാപികയുടെ പരാതിയെത്തുടർന്ന് മൂന്നു പേർക്കെതിരെയും കേസെടുത്തിരുന്നു. അമ്പലപ്പുഴ പോലീസ് അറസ്റ്റു ചെയ്ത ഹരികൃഷ്ണൻ, അക്ഷയ് എന്നിവരെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
മദ്യലഹരിയിലാണ് സംഘം സ്കൂളിൽ അതിക്രമം കാട്ടിയതെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു.