മണിമല: വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കഴിഞ്ഞതലമുറയിലെ എഴുത്തുകാരിൽ സഭാസ്നേഹിയും സർഗധനനുമായ എഴുത്തുകാരനായിരുന്നു ജയിംസ് കെ.സി. മണിമലയെന്ന് ചങ്ങനേശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
അദ്ദേഹത്തിന്റെ നോവലുകളും കഥകളും നാടകങ്ങളും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയെന്നും മാർ പെരുന്തോട്ടം പറഞ്ഞു. മണിമല വള്ളംചിറ സെന്റ് മേരീസ് പാരീഷ് ഹാളിൽ ചേർന്ന ജയിംസ് കെ.സി. മണിമലയുടെ ജന്മശതാബ്ദി സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആശയഭംഗിയുള്ള ഭക്തിഗാനങ്ങൾ ജയിംസ് രചിച്ചു. ഇക്കാലത്തെ ശ്രവണസുഖം മാത്രം ലക്ഷ്യമിട്ടായിരുന്നില്ല ആ ഗാനങ്ങൾ. എല്ലാക്കാലത്തും പ്രസക്തങ്ങളായ ആലോചനാമൃതഗീതങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. അധ്യാപകൻ, പത്രപ്രവർത്തകൻ, ചങ്ങനാശേരി അതിരൂപതയിലെ പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ നിലകളിലുള്ള ജയിംസിന്റെ സേവനങ്ങളെയും ആർച്ച് ബിഷപ് അനുസ്മരിച്ചു.
അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയാളത്തിൽ വായനയുടെ വസന്തം സൃഷ്ടിക്കുന്നതിൽ ജയിംസ് കെ.സിയുടെ കൃതികൾ നിമിത്തങ്ങളായി എന്നദ്ദേഹം അഭിപ്രായപ്പെട്ടു.
മണിമല ഹോളി മെയ്ജയ് ഫൊറോന വികാരി ഫാ. മാത്യു താന്നിയത്ത് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജയിംസ് കെ.സി മണിമല ജന്മശതാബ്ദി സ്മാരകമായി ഏർപ്പെടുത്തിയ സാഹിത്യ അവാർഡ് ഗവേഷകനും വിദ്യാഭ്യാസ പ്രവർത്തകനും മുപ്പതിലേറെ കൃതികളുടെ കർത്താവുമായ ഡോ. കുര്യാസ് കുന്പളക്കുഴിക്ക് മാർ ജോസഫ് പെരുന്തോട്ടം സമർപ്പിച്ചു.
25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. ജയിംസ് കെ.സിയുടെ മകൾ ഫിലോമിന മാത്യു മോനിപ്പള്ളി പ്രശസ്തിപത്ര പാരായണം നടത്തി.
സമ്മേളനത്തിൽ ജയിംസ് കെ.സി മണിമല അവസാനമായി എഴുതിയ നോവൽ “മണിമലയാറ്’ പ്രകാശനം ചെയ്തു. മാർ ജോസഫ് പെരുന്തോട്ടം ജയിംസ് കെ.സിയുടെ സഹോദരൻ ഇ.സി. ജോസഫിനു നല്കിയാണ് പ്രകാശനം നിർവഹിച്ചത്. ഡോ. മാത്യു ജെ. മുട്ടത്ത് നോവൽ പരിചയപ്പെടുത്തി. കറന്റ് ബുക്സാണ് പ്രസാധകർ.
തേക്കിൻകാട് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ജയിംസ് മണിമല, ഫാ. മാത്യു ചെന്നക്കുട്ടി എസ്വിഡി, സിസ്റ്റർ ജിയോ മരിയ, ഫാ. സെബാസ്റ്റ്യൻ ചാലയ്ക്കൽ, മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി. സൈമൺ, ബേബിച്ചൻ ഏർത്തയിൽ, ഫാ. ജോൺ വട്ടമറ്റം എസ്വിഡി, ജോൺ വി. ബ്രിട്ടോ, സുനി വർഗീസ്, ഡോ. മാത്യു മണിമല എന്നിവർ പ്രസംഗിച്ചു. ജയിംസ് കെ.സിയുടെ അന്പതാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി വള്ളംചിറ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ രാവിലെ വിശുദ്ധ കുർബാനയും സെമിത്തേരിയിൽ ഒപ്പീസും നടന്നു.