പത്തനംതിട്ട: ശബരിമലയിലും പമ്പയിലും അന്നദാനം നടത്തുന്നതിന് വിലക്കുവന്ന സ്ഥിതിക്ക് നിലയ്ക്കലില്‍ ഭക്തര്‍ക്കായി അന്നദാനം ഒരുക്കുന്നതിന് അയ്യപ്പസേവാസംഘം തയാറാണെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഡി. വിജയകുമാര്‍. ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന “ശബരിമല സുഖദര്‍ശനം’ സംവാദ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018-ലെ പ്രളയത്തിനു ശേഷമാണ് നിലയ്ക്കലിനെ ബേസ് ക്യാമ്പായി പ്രഖ്യാപിച്ചത്. പക്ഷേ, നിലവില്‍ അവിടെ യാതൊരു അടിസ്ഥാന സൗകര്യവുമില്ല.
നിലയ്ക്കലില്‍ എത്തുന്ന ഭക്തര്‍ക്ക് മഴയും വെയിലും കൊള്ളാതെ നില്ക്കാന് പോലും സൗകര്യമില്ല. ഇടത്താവളമായ പമ്പയിലും ശബരിമലയിലും അന്നദാനം ഒരുക്കുന്ന ദേവസ്വം ബോര്‍ഡ് യഥാര്‍ഥത്തില്‍ നിലയ്ക്കലിലും അന്നദാനത്തിന് സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും വിജയകുമാർ പറഞ്ഞു.ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ ഏകോപനത്തിന് നിയമനിർമാണം നടത്തണം.
മുപ്പത് വകുപ്പുകളുടെ ഏകോപനം ശബരിമല തീര്‍ഥാടനത്തിന് ആവശ്യമാണ്. എന്നാല്‍ ഒരിക്കലും പ്രാവര്‍ത്തികമാകുന്നില്ല. അതിനാല്‍ മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമാകാറില്ല. ഹൈക്കോടതിയുടെ ഇടപെടല്‍ മാത്രമാണ് ഏക ആശ്വാസം.
പൊതുമരാമത്ത് വകുപ്പിനും വനംവകുപ്പിനും പ്രത്യേകമായ ശബരിമല ഡിവിഷനുകൾ അനിവാര്യമാണെന്നും വിജയകുമാർ പറഞ്ഞു.
ചെങ്ങന്നൂരിൽനിന്നും പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസുകളടക്കം കോഴഞ്ചേരിയിൽനിന്നു ചെറുകോൽപ്പുഴ, റാന്നി, വടശേരിക്കര വഴി പന്പയിലേക്ക് അയയ്ക്കണം. ഈ പാത മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്നുംഅദ്ദേഹം പറഞ്ഞു.