കണ്ണൂർ: പ്രവർത്തന മികവിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്റ്റേഷനായി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ. ആദ്യത്തെ തവണയാണ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് ഈ അംഗീകാരം ലഭിക്കുന്നത്.
കുറ്റാന്വേഷണത്തിലെ കാര്യക്ഷമതയ്ക്കും സാമൂഹ്യ പ്രതിബന്ധതയക്കും മയക്കുമരുന്നുകൾക്കെതിരെയുള്ള പേരാട്ടവും ക്രമസമാധാന പാലനത്തിനുമെല്ലാമുള്ള നേട്ടം കൂടിയാണ് സംസ്ഥാന സർക്കാരിന്റെ ഈ ബഹുമതി.
കുറ്റകൃത്യങ്ങൾക്ക് തടയിടാൻ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എന്നും മുൻപന്തിയിലുണ്ടായിരുന്നു. എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ സിഐ ബിനുമോഹനും സംഘവുമാണ് കൃത്യമായ ഇടപെടലുകൾ നടത്തി വന്നത്.
കുറ്റകൃത്യങ്ങളിൽ കാലതാമസമില്ലാതെ പ്രതികളെ നിയമത്തിനുമുന്നിൽ എത്തിക്കാൻ മികച്ച പ്രവർത്തനങ്ങളാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ കാഴ്ചവെക്കാറുള്ളത്.
ഏതാനം മാസം മുന്പ് കണ്ണൂർ നഗരത്തിൽ നടന്ന കൊലപാതകത്തിലെ പ്രതികളെ മണിക്കൂറുകൾക്കകം ടൗൺ പോലീസ് പിടികൂടിയിരുന്നു. കൂടാതെ നഗരത്തിലെ ജനങ്ങളുടെ ഉറക്കം കിടത്തിയിരുന്ന മോഷ്ടാവിനെ വിദഗ്ദമായാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. ലഹരിക്ക് തടയിടാനും മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്.
വിവിധ കേസുകളിലായി 60 കിലോയിലേറെ കഞ്ചാവ് വേട്ട, 2 കിലോ എംഡിഎംഎ എന്നിവ പിടികൂടിയിട്ടുണ്ട്. എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ദന്പതികളടക്കം അന്താരാഷ്ട്ര ബന്ധമുള്ള വലിയൊരു റാക്കറ്റിന്റെ കണ്ണികളെയും കണ്ണൂർ ടൗൺ പോലീസിന്റെ നേതൃത്വത്തിൽ പിടികൂടിയിട്ടുണ്ട്.
കൂടാതെ വീട്ടമ്മയായ ആയിഷയെ മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയ ഇതരസംസ്ഥാനക്കാരനായ പ്രതിയെ പിടികൂടിയിട്ടുണ്ട്. ചെറുതും വലുതുമായ മോഷണങ്ങളിൽ ഒരു കേസിൽ മാത്രമാണ് പ്രതികളെ പിടികൂടാനുള്ളത്. ഈ മികവെല്ലാം കണക്കിലെടുത്താണ് അംഗീകാരം ലഭിച്ചത്.
2022 ൽ ശ്രീജിത്ത് കേടേരിയും തുടർന്ന് ബിനുമോഹനുമാണ് ടൗൺ സ്റ്റേഷനിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സിറ്റി പോലീസ് കമ്മീഷ്ണർ ആർ.അജിത്ത് കുമാർ മുൻ എസിപി പി.പി. സദാനന്ദൻ, നിലവിലെ എസിപി ടി.കെ. രത്നകുമാറും എന്നിവരുടെ പിന്തുണയും ടൗൺ സ്റ്റേഷനൊപ്പമുണ്ട്.