നമ്മൾക്ക് നിസാരമെന്ന് തോന്നുന്ന ചെറിയ സംഭവങ്ങൾ മറ്റ് ചിലർക്ക് ജീവിതത്തിലെ വിലപ്പെട്ട മറക്കാനാകാത്ത നിമിഷങ്ങളായിരിക്കാം. ജന്മദിനം ആഘോഷിക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ല. നമ്മൾ സോഷ്യൽ മീഡിയയിൽ അത്തരത്തിലുള്ള വീഡിയോകൾ എപ്പോഴും കാണാറുള്ളതാണ്. എന്നാൽ ഇവിടെ ഒരു വ്യത്യസ്ത ഉണ്ട്.
സ്കൂളിൽ തങ്ങളുടെ സഹപാഠിയുടെ ജന്മദിനം കുട്ടികൾ ആഘോഷിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊളംബിയയിലെ എബെജിക്കോയിൽ നിന്നുള്ള എട്ട് വയസ്സുകാരൻ എയ്ഞ്ചൽ ഡേവിഡ് കുടുംബത്തിന്റെ പരിമിതമായ വരുമാനം കാരണം തന്റെ ജന്മദിനം ആഘോഷിക്കാറില്ലായിരുന്നു.
എന്നാൽ അധ്യാപിക കാസസ് സിമെനോ, എയ്ഞ്ചൽ ഡേവിഡിന്റെ എട്ടാം ജന്മദിനം ക്ലാസിലെ മറ്റ് കുട്ടികൾക്കൊപ്പം ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ അധ്യാപികയും എയ്ഞ്ചലിന്റെ സഹപാഠികളും ചേർന്ന് സ്കൂളിൽ വെച്ച് അവന് ഒരു അപ്രതീക്ഷിത ജന്മദിന പാർട്ടി നടത്താനുള്ള ഒരു പദ്ധതി ആവിഷ്കരിച്ചു.
ക്ലാസ് മുറിയുടെ മുന്നിലെത്തിയ എയ്ഞ്ചൽ തന്റെ സുഹൃത്തുക്കളും അധ്യാപികയും ചേർന്ന് ഒരുക്കിയ സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ്. തുടർന്ന് കുട്ടികൾ ഹാർപ്പി ബെർത്ത് ഡേ എന്ന് പാടിയതോടെ അവൻ സന്തോഷംകൊണ്ട് മുഖംപൊത്തി കരയാനും തുടങ്ങി. പിന്നാലെ ഇത് കണ്ട അവന്റെ സുഹൃത്തുക്കൾ എല്ലാവരും കൂടി ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു.
ഈ വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചതിന് ശേഷം വിദ്യാർഥികളുടെ ഈ സ്നേഹസമ്മാനത്തെ ആളുകൾ പ്രശംസിച്ചു. ഇൻസ്റ്റാഗ്രാമിൽ മാത്രം വീഡിയോ 25 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഒരു ദശലക്ഷത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക