ചാത്തന്നൂർ: തീവണ്ടി മാർഗം ജില്ലയിലേയ്ക്ക് കഞ്ചാവ് കടത്ത് വ്യാപകമാകുന്നു. പോലീസിന്റെയും റെയിൽവേ സംരക്ഷണ സേനയുടെയും പരിശോധനകൾ ഇപ്പോൾ കാര്യമായി നടക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. കഴിഞ്ഞ ദിവസം എക്സൈസ് സംഘം കൊട്ടിയത്ത് വൻ കഞ്ചാവ് വേട്ട നടത്തുകയുണ്ടായി.
അഞ്ചര കിലോയിലധികം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളായ യുവാക്കളെയാണ് കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് കൊട്ടിയത്ത് നിന്നും പിടികൂടിയത്. ബംഗാൾ കുച്ച് ബിഹാർ, വീതാർകുറ്റി പാർഥനയിൽ രവി ബർമൻ (34), സിതാർ കുറ്റിയിൽ ഗോവിന്ദ് സർക്കാർ (38) എന്നിവരാണ് പിടിയിലായത്.
ഗോവിന്ദ് സർക്കാരാണ് ബംഗാളിൽ നിന്നും സ്ഥിരമായി ട്രെയിൻ മാർഗം കൊല്ലത്ത് കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിച്ച കഞ്ചാവ് രവീന്ദ്ര ബർമന്റെ സ്കൂട്ടറിൽ ഇരുവരും ചാക്കിൽ കെട്ടി കൊട്ടിയത്തേക്കു കൊണ്ടു വരവെയാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്.
പിടിയിലായ പ്രതികൾ ഗാർഡൻ നിർമാണ തൊഴിലാളികളാണ്.രവിന്ദ്ര ബർമൻ പത്ത് വർഷമായി കൊട്ടിയത്ത് താമസിച്ചു. വരികയാണ്. ഇയാൾ കഴിഞ്ഞ കുറെ നാളുകളായി കഞ്ചാവ് മൊത്തമായും ചില്ലറയായും വിൽപന നടത്തി വരികയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ കൃഷ്ണകുമാറിന് ഇവരെക്കുറിച്ച് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇരുവരും എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് ആന്റ് നാർകോട്ടിക് സെൽ സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
ദീർഘദൂര ട്രെയിനുകളിൽ ബംഗാൾ, ആന്ധ്ര പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് കൊല്ലത്ത് എത്തിക്കുന്നത്. നിരോധിത പാൻ മസാലകളും ഇങ്ങനെ കൊല്ലത്ത് എത്തുന്നുണ്ടന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.
ദീർഘദൂര വണ്ടികളിൽ കൊല്ലത്ത് എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ലഗേജും മറ്റും ഇപ്പോൾ റെയിൽവേ പോലീസ് കാര്യമായി പരിശോധിക്കാറില്ല. സ്റ്റേഷന് അകത്ത് കയറി പരിശോധനകൾ നടത്തുന്നതിന് എക്സൈസിനും ചില പരിമിതികൾ ഉണ്ട്. ഇതാണ് കഞ്ചാവ് ലോബി മൂതലെടുക്കുന്നത്.
കൊട്ടിയത്ത് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് ചെറുകിട വ്യാപാരം നടത്തുന്ന ചിലർ അടക്കം എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. സ്കൂൾ പരിസരത്ത് അടക്കം ഇത്തരത്തിൽ കഞ്ചാവ് വിൽപ്പിന നടക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.