പാലക്കാട്: തൃത്താലയിൽ ഉറ്റസുഹൃത്തുക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇരുവരുടെയും സുഹൃത്തായ ഓങ്ങല്ലൂർ കൊണ്ടൂർക്കര പറമ്പിൽ മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരു കൊലപാതകത്തില്‍ ഇന്നലെ രാത്രിയിലും രണ്ടാം കൊലപാതകത്തില്‍ ഇന്ന് രാവിലെയുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രണ്ടും കൊലപാതകങ്ങളാണെന്നു പോലീസ് പറഞ്ഞു. മുസ്തഫ തന്നെയാണു കൊലപാതകം നടത്തിയതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ പേരിൽ നേരത്തെ ക്രിമിനൽ കേസുണ്ടെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലാണ് ഓങ്ങല്ലൂർ കൊണ്ടൂർക്കര പറമ്പിൽ കമ്മുവിന്റെ മകൻ അൻസാർ (28), കാരക്കാട് തേനാത്ത് പറമ്പിൽ അഹമ്മദ് കബീർ (27) എന്നി യുവാക്കളാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വഴിയാത്രക്കാരന്റെ ബൈക്കിലാണ് അൻസാർ ആശുപത്രിയിൽ എത്തിയതെന്നാണു വിവരം.
തന്നെ സുഹൃത്താണു വെട്ടിയതെന്നു മരിക്കുന്നതിനു മുമ്പ് അൻസാർ വെളിപ്പെടുത്തിയിരുന്നു. അൻസാറിന്റെ മരണവുമായി ബന്ധപ്പെട്ട് കബീറിനെ തെരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇന്നലെ ഉച്ചയോടെ പുഴയിൽ കാലുകൾ പൊങ്ങിക്കിടക്കുന്ന നിലയിൽ കബീറിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ഇതോടെയാണ് ഇരട്ടക്കൊലപാതകത്തിൽ പോലീസ് മുസ്തഫയെ പിടികൂടിയത്. പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവിന് സമീപം റോഡില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇരട്ട കൊലയുടെ ചുരുളഴിഞ്ഞത്. മുസ്തഫയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്.
മുസ്തഫ പിടികൂടുമ്പോൾ ദേഹത്ത് രക്തക്കറ ഉണ്ടായിരുന്നു. ഉറ്റസുഹൃത്തുക്കളായ മൂവരും വ്യാഴാഴ്ച രാത്രി പുഴയിൽ മീൻപിടിക്കാൻ പോയിരുന്നെന്ന സൂചനയാണു നിർണായക തെളിവായത്.
മൂർച്ചയേറിയ ആയുധം കൊണ്ടു മുറിച്ച പാടാണ് ഇരുവരുടെയും കഴുത്തിലുള്ളത്. കബീറിന്റെ കഴുത്തിൽ അറ്റുപോകുന്ന വിധത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
കാരക്കാട് തേനാത്ത് പറമ്പിൽ ഇസ്മായിലിന്റെയും ആമിനയുടെയും മകനായ അഹമ്മദ് കബീർ. മേലേ പട്ടാമ്പിയിൽ കക്ക വിൽപനയും ആക്രിക്കച്ചവടവും നടത്തിവരികയായിരുന്നു. വിദേശത്തു ജോലി ചെയ്യുകയായിരുന്ന അൻസാർ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. വിവാഹം നടക്കാനിരിക്കെയാണ് ദാരുണാന്ത്യം.
മൂവരും ഒരുമിച്ചാണു കച്ചവടത്തിനായും മറ്റും പോകുന്നതെന്നു നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും കൊലപാതകത്തിലേക്കു നയിച്ച കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
കഴുത്തിൽ വെട്ടേറ്റ നിലയിൽ വ്യാഴാഴ്ച രാത്രി അൻസാർ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ഗുരുതരാവസ്ഥയിലായിരുന്നു.
ചോരയൊലിപ്പിച്ച് റോഡിൽ നിന്നിരുന്ന ഇയാളെ അതുവഴി എത്തിയ ഇരുചക്രവാഹന യാത്രക്കാരനാണ് ആശുപത്രിയിലെത്തിച്ചതെന്നാണു ലഭ്യമായ വിവരം. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.