കണ്ണൂർ: വധശ്രമക്കേസ് അന്വേഷിക്കാൻ വീട്ടിലെത്തിയ എസ്ഐക്കും പോലീസുകാർക്കും നേരേ വെടിവയ്പ് നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചിറയ്ക്കൽ ചിറയ്ക്കു സമീപം ലേക്ക് സ്ട്രീറ്റ് വില്ലയിലെ ബാബു ഉമ്മൻ തോമസ് (71) നെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ഇയാളുടെ മകൻ റോഷൻ പ്രതിയായ വധശ്രമക്കേസ് അന്വേഷണത്തിന് എത്തിയതായിരുന്നു വളപട്ടണം സ്റ്റേഷനിലെ എസ്ഐ നിധിനും സംഘവും.
റോഷനെ അന്വേഷിച്ചപ്പോൾ പ്രകോപിതനായ പ്രതി റിവോൾവർ ഉപയോഗിച്ച് പോലീസിന് നേരെ വെടിവയ്ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒഴിഞ്ഞ് മാറിയതിനാലാണ് പോലീസുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. മൂന്ന് തവണ പോലീസിനുനേരെ പ്രതി വെടിയുതിർത്തെന്ന് പോലീസ് പറഞ്ഞു.
പോലീസ് പറയുന്നത് ഇങ്ങനെ; രണ്ട് സബ് ഇൻസ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ആറ് പോലീസുകാരാണ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയത്. വീടിന്റെ മുന്നിൽ എത്തിയപ്പോൾ ബാബു ഉമ്മൻ പോലീസിനെ കണ്ട് വാതിൽ അടയ്ക്കുകയായിരുന്നു. വളപട്ടണം സ്റ്റേഷനിൽ നിന്നാണെന്നും റോഷനെ അറസ്റ്റ് ചെയ്യാൻ വന്നതാണെന്നും പറഞ്ഞിട്ടും തുറക്കാൻ കൂട്ടാക്കിയില്ല. വീട്ടിൽ പട്ടിയുള്ളത് കാരണം മുൻവാതിൽ വഴി അകത്ത് പ്രവേശിക്കാൻ സാധിച്ചില്ല.
തുടർന്ന് ഇരുനില വീടിന്റെ മുകളിലേക്ക് പിന്നിലെ കോണിപ്പടി വഴി കയറിച്ചെന്ന പോലീസ് സംഘം പ്രതിയുണ്ടെന്ന് കരുതുന്ന മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ തൊട്ടടുത്ത മുറിയുടെ ജനാല വഴി പ്രതിയുടെ പിതാവ് ബാബു ഉമ്മൻ തോമസ് വെടിവയ്ക്കുകയായിരുന്നു.
ഉടൻ എല്ലാവരും നിലത്തു കുനിഞ്ഞു കിടന്നു. ഇതുകാരണമാണ് രക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു. വീടിന്റെ ജനൽ ഗ്ലാസും തകർന്നിട്ടുണ്ട്. ജനലഴികള്ക്കിടയിലൂടെയാണ് വെടിവച്ചതെന്ന് പോലീസ് പറയുന്നു. വിവരമറിഞ്ഞ് എസിപി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് ബലപ്രയോഗത്തിലൂടെ ബാബു ഉമ്മൻ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു.
ഇന്ന് പുലർച്ചയോടെ ആറാട്ട് റോഡിൽ വച്ചാണ് പ്രതിയെ പോലീസ് കീഴ്പ്പെടുത്തിയത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആർ. അജിത്ത് കുമാര്‍, അസി. കമ്മിഷണര്‍ ടി.കെ. രത്നകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലെത്തി ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ തോക്കിന് ലൈസൻസുണ്ടെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ലൈസൻസ് ഇല്ലെന്നാണ് എഫ് ഐ ആറിൽ ചേർത്തിട്ടുള്ളത്. ഇത് പരിശോധിച്ചു വരികയാണ്.
ചുറ്റുമതിലും ഇരുമ്പു ഗേറ്റുമുള്ള വീട്ടില്‍ നാലഞ്ച് പട്ടികളെ വളര്‍ത്തുന്നുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. പ്രതിയുടെ മകൻ റോഷന്റെ പേരിൽ ഒട്ടേറെ കേസുകളുണ്ട്. കഴിഞ്ഞ 23 ന് നടന്ന വധശ്രമവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെ പിടികൂടാനാണ് പോലീസ് സംഘം എത്തിയത്. റോഷന്റെ വീടിന് മുന്നിലെ കാർ തകർന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് റോഷന്റെ കാറാണെന്നാണ് പോലീസ് പറയുന്നത്. കാർ തകർത്തത് ആരാണെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.