കോതമംഗലം: കോളജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ച സംഭവത്തിൽ പിടിയിലാകാനുള്ള ആറ് പേർക്കായി പോലീസ് അന്വേഷണം. എട്ട് കോളജ് വിദ്യാർഥികൾക്കെതിരേ നരഹത്യാശ്രമത്തിനാണ് കോതമംഗലം പോലീസ് കേസെടുത്തിട്ടുള്ളത്. ഇതിൽ രണ്ടുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
റെയ്സിംഗിനിടെ ജീപ്പിടിച്ച് കാൽനടയാത്രക്കാരിയായ പെണ്‍കുട്ടിക്കു പരിക്കേറ്റിരുന്നു. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ വിദ്യാർഥികൾക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് വിദ്യാർഥികൾ തുറന്ന ജീപ്പിൽ കാന്പസിലും പരിസര റോഡുകളിലും റെയ്സ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇതിനിടെയാണ് സമീപവാസിയായ പെണ്‍കുട്ടിക്ക് ജീപ്പിടിച്ച് പരിക്കേറ്റത്.
ഇത് നാട്ടുകാർ ചോദ്യം ചെയ്തതോടെയുണ്ടായ വാക്കേറ്റം കൈയാങ്കളിയിൽ കലാശിച്ചു. സംഭവമറിഞ്ഞ് വൻ പോലീസ് സംഘം സ്ഥലത്തെത്തി.
കോതമംഗലം പോലീസ് ഇൻസ്പെക്ടർ പി.ടി. ബിജോയി, എസ്ഐമാരായ ആതിര പവിത്രൻ, സി.പി. രാധാകൃഷ്ണൻ, വി.വി. എൽദോസ്, എഎസ്ഐമാരായ കെ.എം. സലീം, ഷാൽവി അഗസ്റ്റിൻ, സിപിഒമാരായ എം.കെ ഷിയാസ്, സനൽകുമാർ തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്.