ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യമായ സാമ്പത്തിക അടിത്തറ ഉണ്ടായിരുന്നില്ല. എന്നാൽ കോടിക്കണക്കിനു രൂപയുടെ പാരമ്പര്യസ്വത്ത് സ്വന്തമായുണ്ടായിരുന്ന വിജയരാജെ സിന്ധ്യ ആദ്യകാലങ്ങളിൽ ബിജെപിയെ സാമ്പത്തികമായി സഹായിച്ചിരുന്നു.
അതുകൊണ്ടു തന്നെ മരിക്കുവോളം ബിജെപി അവർക്ക് വലിയ ബഹുമാനവും പാർട്ടിയിൽ ഉന്നത സ്ഥാനവും നൽകി ആദരിച്ചിരുന്നു. അഡ്വാനി, ഭൈറോൺസിംഗ് ഷെഖാവത്ത്, വാജ്പേയി എന്നിവർ രാജമാതായുടെ ആത്മസുഹൃത്തുക്കളുമായിരുന്നു.
അടിയന്തരാവസ്ഥയ്ക്കു ശേഷം ഇംഗ്ലണ്ടിൽനിന്ന് തിരിച്ചെത്തിയ മകൻ കോൺഗ്രസുമായി അടുക്കുകയും അവസാനം കോൺഗ്രസിൽ ചേരുകയും ചെയ്തത് അവർക്കു വലിയ ക്ഷീണമായി. എന്നാൽ രണ്ടിടത്തു നിന്നാൽ ഭരണത്തിന്റെ അപ്പക്കഷ്ണം എപ്പോഴും രുചിക്കാമെന്നതു മൂലമാണ് അമ്മയും മകനും വഴക്കടിച്ച് രണ്ടു പക്ഷത്തു നിൽക്കുന്നതെന്ന് വിമർശകർ ആരോപിച്ചിരുന്നു. വിജയരാജെ സിന്ധ്യയെ ഏറെ തളർത്തിയ സംഭവം തന്റെ അടുത്ത സുഹൃത്തും ഗുരുതുല്യനുമായ അടൽബിഹാരി വാജ്പേയിയെ മകൻ മാധവറാവു സിന്ധ്യ പരാജയപ്പെടുത്തിയതാണ്.
1971ൽ 26ാം വയസിൽ ജനസംഘത്തിനു വേണ്ടി മധ്യപ്രദേശിലെ ഗുണ ലോക്സഭാ സീറ്റിൽനിന്നു മത്സരിച്ച മാധവറാവു സിന്ധ്യ ഒരു തെരഞ്ഞെടുപ്പിലും പരാജയം രുചിച്ചിരുന്നില്ല. വിമാനാപകടത്തിൽ കൊല്ലപ്പെടുംവരെയുള്ള എല്ലാ ലോക്സഭാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ച മാധവറാവു സിന്ധ്യ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് റെക്കോർഡും കരസ്ഥമാക്കിയിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷ നേതാക്കളെയും സ്വന്തം അമ്മയെയും അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചപ്പോൾ മാധവറാവു സിന്ധ്യ ഇംഗ്ലണ്ടിലേക്ക് കടന്ന് അറസ്റ്റിൽനിന്നു രക്ഷപ്പെട്ടു. പിന്നീട് നാട്ടിൽ തിരിച്ചെത്തിയെങ്കിലും അദ്ദേഹം ജനസംഘത്തിൽനിന്നു രാജിവച്ചു. സ്വതന്ത്ര സ്ഥാനാർഥിയായാണ് 1977ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെങ്കിലും അദ്ദേഹം വിജയിച്ചു.
1980 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ദേഹത്തെ പിന്തുണച്ചു. ആ തെരഞ്ഞടുപ്പിലും വൻ ഭൂരിപക്ഷത്തിൽ സിന്ധ്യ വിജയിച്ചു. 1984ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച മാധവറാവു സിന്ധ്യ അക്കൊല്ലം രാജീവ് മന്ത്രിസഭയിൽ കേന്ദ്ര റെയിൽവേ മന്ത്രിയുമായി.
84ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഗ്വാളിയോറിൽ വൻ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചത് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്ന അടൽബിഹാരി വാജ്പേയിയെ ആയിരുന്നു. ബാജ്പേയുടെ ജന്മദേശമായ ഗ്വാളിയോറിൽ അദ്ദേഹം ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ബിജെപി.
പക്ഷേ അവസാന നിമിഷം കോൺഗ്രസ് സിന്ധ്യയെ ഇറക്കി കളിക്കുകയായിരുന്നു. അതുവരെ സിന്ധ്യ മത്സരിച്ചിരുന്നത് മധ്യപ്രദേശിലെ ഗുണ ലോക്സഭാ മണ്ഡലത്തിൽ നിന്നായിരുന്നു. മാധവറാവു സിന്ധ്യ ഗുണയിൽനിന്നു തന്നെ മത്സരിക്കുമെന്നു കരുതിയാണ് ഗ്വാളിയാർ കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന വാജ്പേയി ഗ്വാളിയോർ തെരഞ്ഞെടുത്തത്. എന്നാൽ, വാജ്പേയിയെ പരാജയപ്പെടുത്തുക മുഖ്യലക്ഷ്യമായി കണ്ട കോൺഗ്രസ് സിന്ധ്യയെ അവിടെ മത്സരിക്കാൻ നിർബന്ധിക്കുകയായിരുന്നു.
ഗ്വാളിയോർ രാജാവായിരുന്ന സിന്ധ്യ ഇറങ്ങിയതോടെ വാജ്പേയി 1,75,594 വോട്ടിന് പരാജയപ്പെടുകയായിരുന്നു. മരിക്കുംവരെ ഒൻപതു തവണ മാധവറാവു സിന്ധ്യ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം 1990 മുതൽ 93 വരെ ബിസിസിഐ പ്രസിഡന്റുമായിരുന്നു.
1986-1989, 1991-1993, 1995-1996 എന്നീ വർഷങ്ങളിൽ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു. 1996ൽ കോൺഗ്രസ് നേതൃത്വവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ട് മധ്യപ്രദേശ് വികാസ് കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചെങ്കിലും 1998-ൽ കോൺഗ്രസ് പാർട്ടിയിൽ തിരിച്ചെത്തി.
2001 സെപ്റ്റംബർ 30ന് ഉത്തർപ്രദേശിലെ മെയിൻപുരിയിൽ വച്ചുണ്ടായ വിമാനാപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കേന്ദ്ര റെയിൽവേ മന്ത്രി, കേന്ദ്ര മാനവശേഷി വികസനവകുപ്പു മന്ത്രി, കേന്ദ്ര ടൂറിസം, വ്യോമയാന മന്ത്രി എന്നീ നിലകളിലും മാധവറാവു സിന്ധ്യ തിളങ്ങിയിരുന്നു.
മാധവാറാവു സിന്ധ്യ വിമാനാപകടത്തിൽ മരണമടഞ്ഞപ്പോൾ വിദേശത്ത് പഠിക്കുകയായിരുന്ന മകൻ ജോതിരാദിത്യ സിന്ധ്യയെ കോൺഗ്രസ് കളത്തിലിറക്കി. മാധവറാവു സിന്ധ്യ കൊല്ലപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന ഗുണ ലോക്സഭാ സീറ്റിൽ അടുത്ത ഫെബ്രുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജ്യോതിരാദിത്യയെ സ്ഥാനാർഥിയാക്കി.
4,50,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തന്റെ കന്നി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തനായ എതിരാളിയെ നിലംപരിശാക്കി ജ്യോതിരാദിത്യ തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2004ൽ നടന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2007ൽ അദ്ദേഹം കോൺഗ്രസ് മന്ത്രിസഭയിൽ അംഗമായി. കേന്ദ്ര വാർത്താവിനിമയ-ഐടി മന്ത്രിയായാണ് അദ്ദേഹം നിയമിതനായത്.
വീണ്ടും 2009ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം അക്കൊല്ലത്തെ കേന്ദ്ര മന്ത്രിസഭയിൽ വ്യവസായ വാണിജ്യ വകുപ്പു മന്ത്രിയായി. തുടർന്ന് 2014ൽ നടന്ന തെരഞ്ഞെടുപ്പിലും ഗുണ സീറ്റിൽനിന്നു ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2020ൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കമൽനാഥുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹവും അദ്ദേഹത്തെ അനുകൂലിച്ചിരുന്ന കോൺഗ്രസ് എംഎൽഎമാരും പാർട്ടി വിട്ടു.
ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട കമൽനാഥിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. 2020 മാർച്ച് 23ന് കമൽനാഥ് രാജിവച്ച ഉടൻ ജ്യോതിരാദിത്യ പക്ഷത്തുള്ള എംഎൽഎമാരുമായി ചേർന്ന് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ മധ്യപ്രദേശിൽ ബിജെപി മന്ത്രിസഭയുണ്ടാക്കി. ഇതിനു പ്രത്യുപകാരമായി അക്കൊല്ലം ജൂണിൽ മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാ എംപിയായി ബിജെപി ജ്യോതിരാദിത്യയെ നോമിനേറ്റു ചെയ്തു. 2021ലെ കേന്ദ്രമന്ത്രിസഭാ അഴിച്ചുപണിയിൽ അദ്ദേഹത്തെ ബിജെപി കേന്ദ്ര വ്യോമയാന-ടൂറിസം വകുപ്പുമന്ത്രിയായി നിയമിച്ചു.
വിജയരാജെ സിന്ധ്യയുടെ മകൾ വസുന്ധര രാജെ സിന്ധ്യ 2003 മുതൽ 2008 വരെയും 2013 മുതൽ 2018 വരെയും രണ്ട് തവണ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്നു. അഞ്ച് തവണ വീതം നിയമസഭയിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട അവർ രണ്ടു തവണ കേന്ദ്രമന്ത്രിയുമായി.
വസുന്ധരയുടെ പുത്രൻ ദുഷ്യന്ത് സിംഗും ബിജെപി നേതാവാണ്. 2003 ൽ വിദേശ പഠനം കഴിഞ്ഞ് തിരിച്ചെത്തി ബിജെപിയിൽ ചേർന്ന ദുഷ്യന്ത് സിംഗ് തുടർച്ചയായി നാലു തവണ രാജസ്ഥാനിൽ നിന്നു വന്പൻ ഭൂരിപക്ഷത്തിൽ ജയിച്ച് ലോക്സഭയിലെത്തി. 2004ലും 2009ലും 2014ലും 2019ലും വിജയിച്ച ദുഷ്യന്ത് സിംഗ് ഓരോ പ്രാവശ്യവും തന്റെ റെക്കോർഡ് ഭൂരിപക്ഷം നിലനിർത്തി വരികയാണ്. നല്ലൊരു ബിസിനസുകാരനും കൂടിയാണ് ദുഷ്യന്ത്.
രാജമാതായുടെ മറ്റൊരു മകൾ യശോധര രാജെ സിന്ധ്യയും ബിജെപിയുടെ ഉന്നത നേതാവാണ്. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ഇളയ സഹോദരിയായ യശോധര ഇപ്പോൾ മധ്യപ്രദേശ് മന്ത്രിസഭയിലെ സ്പോർട്സ്,യുവജനക്ഷേമ, സാങ്കേതിക വിദ്യാഭ്യാസ ചുമതല വഹിക്കുന്ന മന്ത്രിയാണ്.
2007ൽ ഗ്വാളിയോർ ലോക്സഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് യശോധര ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പിന്നീട് 2009ൽ നടന്ന പൊതു തെരഞ്ഞെടുപ്പിലും അവർ ഗ്വാളിയോർ സീറ്റിൽ വിജയിച്ചു. 2013 മുതൽ അവർ തുടർച്ചയായി മധ്യപ്രദേശ് നിയമസഭയിലും അംഗമാണ്. സംസ്ഥാന ബിജെപിയിൽ ഉന്നത പദവികൾ വഹിച്ചിട്ടുള്ള അവർ പാർലമെന്ററിസമിതികളിലും അംഗമായിരുന്നു.
രാജസ്ഥാനിലും മധ്യപ്രദേശിലുമുള്ള വോട്ടർമാർക്കിടയിൽ സിന്ധ്യ കുടുംബത്തോടുള്ള രാജഭക്തിയാണ് ഇവരെ തെരഞ്ഞെടുപ്പുകളിൽ വിജയത്തിലേക്ക് നയിക്കുന്നത്. സിന്ധ്യ കുടുംബത്തിലുള്ളവർക്കെല്ലാം കോടിക്കണക്കിനു രൂപയുടെ ആസ്തിയാണുള്ളത്. നാലായിരം കോടിയോളം രൂപ വില വരുന്ന ജയ്വിലാസ് പാലസിലാണ് ഇപ്പോൾ ജ്യോതിരാദിത്യ സിന്ധ്യ താമസിക്കുന്നത്.
നാനൂറു മുറികളുള്ള ഈ കൊട്ടാരത്തിലെ 35 മുറികൾ മ്യൂസിയമാക്കി മാറ്റി പൊതുജനങ്ങൾക്കു തുറന്നു കൊടുത്തിട്ടുണ്ട്. ഇതിലെ ചില മുറികളിൽ സ്വർണം കൊണ്ടാണ് അലങ്കാരപ്പണികൾ നടത്തിയിരിക്കുന്നത്. ജ്യോതിരാദിത്യയ്ക്ക് പിതൃസ്വത്തായി കിട്ടിയ വസ്തുക്കളുടെ ആകെ മൂല്യം 20,000 കോടിയോളം വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒന്നാം സ്വാതന്ത്യസമര കാലത്ത് അധികാരം നിലനിർത്താൻ ബ്രിട്ടീഷ് ചായ്വ് പ്രകടിപ്പിച്ചു എന്ന് ആരോപിക്കപ്പെടുന്ന സിന്ധ്യ കുടുംബം സ്വാതന്ത്ര്യാനന്തര ഭാരതത്തിലും രാജ്യഭരണം തുടരുകയാണ്.
–തയാറാക്കിയത്
എസ്. റൊമേഷ്
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാജഭരണം; രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ