സ്വന്തം ലേഖകന്‍
കോഴിക്കോട്: പലസ്തീന് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കാനായി നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം ചേർന്നതോടെ നിലപാട് മയപ്പെടുത്തി ലീഗ്.
ഇന്നലെ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ തമ്മില്‍ നടന്ന അനൗദ്യോഗിക ചര്‍ച്ചയില്‍ മഞ്ഞുരുകിയതായാണ് വിവരം.
നിലവിലെ സാഹചര്യത്തില്‍ ലീഗ് പങ്കെടുക്കാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാടായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക. ഇത്തരം ആശയ പ്രതിസന്ധിഘട്ടങ്ങളില്‍ എന്നും കോണ്‍ഗ്രസ് നേതാക്കളുമായി ചേര്‍ന്നുപോകുന്ന നിലപാടാണ് അദ്ദേഹം കൈക്കൊള്ളാറുള്ളത്. കോഴിക്കോട് ലീഗ് ഹൗസില്‍ ഉച്ചയ്ക്ക് രണ്ടിനാണ് യോഗം.
സിപിഎം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ലീഗിനെ സിപിഎം ഔദ്യോഗികമായി ക്ഷണിച്ചത്.
ലീഗ് നീക്കത്തിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം നടത്തിയ പ്രതിഷേധ യോഗത്തില്‍ ക്ഷണിച്ചിരുന്നുവെങ്കിലും ലീഗ് പങ്കെടുത്തിരുന്നില്ല.
ഏക സിവിൽ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്നാണ് ലീഗ് നേതാക്കള്‍ പ്രതികരിക്കുന്നത്.സംസ്ഥാന രാഷ്ട്രീയ വിഷയമല്ല മറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രശ്നമാണ് പലസ്തീൻ വിഷയമെന്ന നിലപാടാണ് ലീഗ് നേതൃത്വത്തിനുള്ളത്.
എന്നാല്‍ സിപിഎം പരിപാടിയില്‍ പങ്കെടുത്താലുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യം കൂടി ലീഗിന് മുന്നിലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അത്തര രാഷ്ട്രീയ ചര്‍ച്ച ലീഗ് ആഗ്രഹിക്കുന്നില്ല.
കെ. സുധാകരന്റെ ‘നായ’ പരാമര്‍ശത്തിലുള്‍പ്പെടെ കടുത്ത എതിര്‍പ്പുണ്ടെങ്കിലും അത് ഉയര്‍ത്താനുള്ള സാഹചര്യം ഇതല്ലെന്നാണ് ലീഗ് വിലയിരുത്തല്‍.
അതേസമയം പലസ്തീൻ വിഷയത്തിൽ യോജിക്കാവുന്ന മുഴുവൻ സംഘടനകളെയും ഒരുമിച്ച് അണിനിരത്താനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിലൂടെയുള്ള രാഷ്ട്രീയ നേട്ടവും പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്.