തൃശൂർ: വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താനാകില്ലെന്നും ഹൈക്കോടതി ഉത്തരവ് ദേവസ്വങ്ങളെയും ആഘോഷക്കമ്മിറ്റികളെയും കേട്ടശേഷമല്ലെന്നും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ.
ആരാധനാലയങ്ങളിൽ അസമയത്തു വെടിക്കെട്ടിനു നിരോധനം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണു പ്രതികരണം.
തൃശൂർ പൂരത്തിനു സുപ്രീം കോടതി ഇളവു നൽകിയിട്ടുള്ളതാണ്. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണ്. നടപടിക്രമങ്ങള്‍ പാലിച്ചാണു നടത്താറുള്ളത്. കോടതിവിധി ബാധകമാക്കിയാല്‍ നിയമവഴി തേടും.
മതപരമായ കേന്ദ്രങ്ങളില്‍ നിരോധിച്ചിട്ട് മറ്റിടങ്ങളില്‍ അനുവദിക്കുന്നതു തുല്യനീതിയല്ല. പെസോയുടെ നിരീക്ഷണത്തിൽ വെടിക്കെട്ട് നടക്കുന്നതു തൃശൂർ പൂരത്തിനു മാത്രമാണ്. നിരോധിച്ച വെടിമരുന്നുകൾ തൃശൂർ പൂരത്തിന് ഉപയോഗിക്കുന്നില്ല.
വീടുകളിലും മറ്റും വെടിക്കെട്ട് നിരോധിക്കാതെ ഉത്സവങ്ങളിൽമാത്രം നിരോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.