കളമശേരി സാമ്രാ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ അറസ്റ്റിലായ പ്രതി ഡൊമനിക് മാർട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.
പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. ബോംബ് നിർമാണത്തിൽ ഡൊമനിക് മറ്റാരുടെ എങ്കിലും സഹായം തേടിയിട്ടുണ്ടോയെന്നും കൂടുതൽ പേരുടെ പങ്കാളിത്തം ഉണ്ടോയെന്നും പരിശോധിക്കും.
ഡൊമനിക് ജോലി ചെയ്തിരുന്ന വിദേശ കമ്പനിയിലുൾപ്പെടെയുള്ള ഇയാളുടെ കാര്യങ്ങൾ പരിശോധിക്കും. പ്രതിയുടെ വിദേശ ബന്ധങ്ങൾ പരിശോധിക്കാനുള്ള നടപടികളിലേക്കും പോലീസ് കടന്നിട്ടുണ്ട്.
ഡൊമനിക്കിന്റെ സുഹൃത് ബന്ധങ്ങളെ കുറിച്ചും കൂടുതലായി അന്വേഷണം നടത്തും.
പതിനാറ് വർഷമായി ഡൊമനിക് വിദേശത്ത് ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്നു. ആ സമയം മുതൽ ഇയാളുടെ ജീവിതത്തിൽ സംഭവിച്ച എല്ലാ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും പരിശോധന നടത്തി വരികയാണ്.
ഇയാളുടെ സാമൂഹിക മാധ്യമങ്ങളായ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവ വഴിയുള്ള ഇടപാടുകളും വിവരങ്ങളും പരിശോധിക്കുകയാണ്. കേസില്‍ ഡൊമിനിക് മാർട്ടിനെ മാത്രമാണ് പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്.
കളമശ്ശേരിയിലെ കണ്വെന്ഷന് സെന്ററിലുണ്ടായ സ്ഫോടനങ്ങളില്‍ മൂന്ന് പേരാണ് മരിച്ചത്. മലയാറ്റൂർ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് മരിച്ചത്.