യുവതിയും മക്കളും ഭർതൃമാതാവും അണക്കെട്ടിൽ ചാടി ജീവനൊടുക്കി. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ പാലൻപൂരിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
നയ്ന ചൗഹാൻ(30), ഭർതൃമാതാവ് കനുബ ചൗഹാൻ(55), നയ്നയുടെ മക്കളായ സ്വപ്ന (എട്ട്), വിറാം (അഞ്ച്) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ നയ്നയുടെ ഭർത്താവ് നരൻ സിംഗ്, കനുബയുടെ ഭർത്താവ് ജെൻ സിംഗ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
ഭർത്താക്കന്മാരുടെ മർദനം സഹിക്കവയ്യാതെയാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പോലീസ് അറിയിച്ചു. നരൻ സിംഗിനെതിരെയും ജെൻ സിംഗിനെതിരെയും കേസെടുത്തിട്ടുണ്ടെന്നും ഇരുവരും ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി.
നാലുപേരും ശനിയാഴ്ച രാവിലെ നാനി ഭട്ടമാൽ ഗ്രാമത്തിലെ വീട്ടിൽ നിന്ന് ആരെയും അറിയിക്കാതെയാണ് പോയത്. വൈകുന്നേരമായിട്ടും ഇവർ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടെ ദന്തിവാഡ റിസർവോയറിൽ നിന്ന് ഇവരുടെ ചെരിപ്പ് കണ്ടെത്തി.
തുടർന്ന് മുങ്ങൽ വിദഗ്ധരും പോലീസും നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
നരൻ സിംഗും ജെൻ സിംഗും പതിവായി നയ്നയെ മർദിക്കുമായിരുന്നു. ഇവരെ തടയുമ്പോൾ കനൂബയെയും ഇവർ മർദിക്കുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.