റമള്ള: ഹമാസ്-ഇസ്രയേൽ സംഘർഷത്തിനു പരിഹാരം തേടി പശ്ചിമേഷ്യയിൽ രണ്ടാമതു സന്ദർശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അപ്രതീക്ഷിതമായി വെസ്റ്റ് ബാങ്കിലെത്തി പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.
ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്നും സഹായം എത്തിക്കണമെന്നും ബ്ലിങ്കനോട് അബ്ബാസ് ആവശ്യപ്പെട്ടു. എന്നാൽ, ഗാസയിൽ ജീവൻരക്ഷാ വസ്തുക്കൾ എത്തിക്കുന്നതിലും അവശ്യസേവനങ്ങൾ പുനരാരംഭിക്കുന്നതിലും അമേരിക്കയ്ക്കുള്ള പ്രതിജ്ഞാബദ്ധത മാത്രമാണ് ബ്ലിങ്കൻ വാഗ്ദാനം ചെയ്തത്.
ഇസ്രേലിസേന അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നില്ലെന്നും പലസ്തീൻ ജനതയെ വംശീയ ഉന്മൂലനം ചെയ്യുകയാണെന്നും അബ്ബാസ് ആരോപിച്ചതായി അദ്ദേഹത്തിന്റെ വക്താവ് നബീൽ അബു റുദെയ്നെ അറിയിച്ചു.
വെസ്റ്റ് ബാങ്കിൽ ശാന്തിയും സ്ഥിരതയും കൊണ്ടുവരുന്നതിനുള്ള മാർഗങ്ങൾ അബ്ബാസും ബ്ലിങ്കനും ചർച്ച ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ വാഷിംഗ്ടൺ ഡിസിയിൽ അറിയിച്ചു. പലസ്തീൻകാരെ അവരുടെ സ്ഥലത്തുനിന്ന് നിർബന്ധിച്ചു മാറ്റുന്നത് അവസാനിപ്പിക്കണം. പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കുന്നതിന് യുഎസിനുള്ള പ്രതിജ്ഞാബദ്ധതയും ബ്ലിങ്കൻ വാഗ്ദാനം ചെയ്തു.
ജോർദാൻ തലസ്ഥാനമായ അമ്മാനിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിൽ വിമാനമിറങ്ങിയ ബ്ലിങ്കൻ വാഹനവ്യൂഹത്തിലാണ് വെസ്റ്റ് ബാങ്കിലെത്തിയത്. അബ്ബാസുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. സംയുക്ത പത്രസമ്മേളനം ഉണ്ടായില്ല.
സ്ഥിരം വെടിനിർത്തലിനു പകരം ഗാസയിൽ സഹായമെത്തിക്കുന്നതിനായി കുറച്ചു സമയം യുദ്ധം നിർത്തിവയ്ക്കുന്നതിനുള്ള സാധ്യതയാണ് അമേരിക്ക നയതന്ത്ര നീക്കങ്ങളിലൂടെ ആരായുന്നത്. ഇതിൽ ചെറിയ പുരോഗതിയുണ്ടെന്നാണ് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ കഴിഞ്ഞ ദിവസം സൂചന നല്കിയത്.
കഴിഞ്ഞദിവസം ജോർദാനിൽ അറബ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സ്ഥിരം വെടിനിർത്തൽ എന്ന ആവശ്യം ബ്ലിങ്കൻ നിരാകരിച്ചിരുന്നു. അത്തരം നടപടികൾ ഹമാസിനെ സഹായിക്കുകയേ ഉള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച ബ്ലിങ്കനുമായി ചർച്ച നടത്തിയ ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും ബന്ദികളെ മോചിപ്പിക്കുന്നതുവരെ ഹമാസിനെതിരേ സൈനിക നടപടി തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, ഗാസയിൽ വെടിനിർത്തലിനു നടപടിയെടുത്തില്ലെങ്കിൽ അമേരിക്ക തിരിച്ചടി നേരിടുമെന്ന് ഇറാൻ ഭീഷണി മുഴക്കി. ഉടൻ യുദ്ധം നിർത്തണമെന്നാണ് അമേരിക്കയ്ക്കുള്ള ഇറാന്റെ ഉപദേശമെന്ന് പ്രതിരോധമന്ത്രി മുഹമ്മദ് റേസാ അഷ്തിയാനി പറഞ്ഞു.