കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ഐസിയുവിൽ രോഗിയെ ജീവനക്കാരൻ പീഡിപ്പിച്ചെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. ഫോറൻസിക് മെഡിസിൻ അസി.പ്രൊഫ. ഡോ. പി പ്രിയതയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
പ്രതി ശശീന്ദ്രനെതിരേ വകുപ്പുതല നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് കോളേജ് പ്രിൻസിപ്പലിനാണ് കൈമാറിയത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചതായാണു പരാതി. പ്രതി കുറ്റക്കാരനാണെന്ന് റിപ്പോർട്ടിലുണ്ട്.
നടപടിക്രമം പൂർത്തിയാക്കി റിപ്പോർട്ട് പ്രിൻസിപ്പൽ ഉടൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കൈമാറും. തുടർന്നായിരിക്കും നടപടി. പ്രതി ശശീന്ദ്രൻ, അതിജീവിത, സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ എന്നിവരിൽനിന്ന് ഡോ. പ്രിയത വാദം കേട്ടിരുന്നു. ശശീന്ദ്രൻ സസ്പെൻഷനിലാണ്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സര്‍വീസില്‍ നിന്നു പിരിച്ചുവിടാനാണ് സാധ്യത.മൊഴിയിൽനിന്ന് പിന്മാറാൻ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ അഞ്ച് ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.