ചെന്നൈ: സനാതന ധര്‍മ പരാമര്‍ശത്തില്‍ മന്ത്രി ഉദയനിധി സ്റ്റാലിനും തമിഴ്നാട് പോലീസിനുമെതിരേ മദ്രാസ് ഹൈക്കോടതി. ഉദയനിധിയുടേത് വിദ്വേഷ പ്രസ്താവനയെന്ന് കോടതി പറഞ്ഞു.
ദ്രാവീഡിയന്‍ ആശയങ്ങളുടെ ഉന്മൂലനത്തിനായി സംഘടിപ്പിക്കുന്ന സമ്മേളനത്തിന് അനുമതി ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മഹേഷ് കാര്ത്തികേയന് എന്നയാളാണ് ഹര്‍ജി നല്‍കിയത്.
നേരത്തേ ഈ സമ്മേളനത്തിന് ചെന്നൈ പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേ ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിച്ചാല്‍ അതു നിലവിലുള്ള സമാധാന അന്തരീക്ഷത്തെയും ക്രമസമാധാനത്തെയും തടസപ്പെടുത്തുകയും സമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു.
അതിനാല്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കോടതി ഹര്‍ജി തള്ളി. ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഉദയനിധിയെയും തമിഴ്നാട് പോലീസിനെയും കോടതി വിമര്‍ശിച്ചത്.
അധികാര സ്ഥാനത്തിരിക്കുന്നവര്‍ സമൂഹത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്ന് കോടതി പറഞ്ഞു.
ഉദയനിധിയുടെ പരാമര്‍ശത്തില്‍ തമിഴ്നാട് പോലീസ് എന്തുകൊണ്ടാണ് കേസെടുക്കാതിരുന്നതെന്ന് കോടതി ചോദിച്ചു. അന്ന് പോലീസ് കേസെടുത്തിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു ഹര്‍ജി തങ്ങള്‍ക്ക് മുന്നില്‍ എത്തില്ലായിരുന്നെന്നും കോടതി വ്യക്തമാക്കി.
സനാതന ധര്‍മ ഉന്മൂലന സമ്മേളനംഎന്ന പേരില്‍ നടത്തപ്പെട്ട പരിപാടിയില്‍ സ്റ്റാലിന് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. മലേറിയയും ഡെങ്കിയും പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ് സനാതന ധര്‍മം എന്നായിരുന്നു പരാമര്‍ശം.