വാഷിംഗ്ടൺ ഡിസി: ഇസ്രയേലിനെ ആക്രമിക്കാൻ മുതിരരുതെന്ന് ഇറാനും ഹിസ്ബുള്ളയ്ക്കും അമേരിക്ക മുന്നറിയിപ്പു നല്കിയതായി റിപ്പോർട്ട്.
അങ്ങനെവന്നാൽ അമേരിക്ക സൈനികഇടപെടൽ നടത്തുമെന്ന സന്ദേശം ഇറാനും ഹിസ്ബുള്ളയ്ക്കും വൈറ്റ്ഹൗസ് നല്കിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇതിനു പിന്നാലെ ആണവ മിസൈലുകൾ വഹിക്കുന്ന മുങ്ങിക്കപ്പൽ അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചു. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ തൊടുക്കാൻ ശേഷിയുള്ള ഒഹായോ ക്ലാസ് മുങ്ങിക്കപ്പൽ ഈജിപ്തിലെ സൂയസ് കനാലിലൂടെ നിങ്ങുന്നതിന്റെ ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കൻ നടപടിയെ ഇസ്രയേൽ സ്വാഗതം തെയ്തു.
മുങ്ങിക്കപ്പലുകളുടെ സ്ഥാനം പരസ്യപ്പെടുത്തുന്നത് അപൂർവമാണ്. ഇറാനും ഹിസ്ബുള്ളയ്ക്കുമുള്ള വ്യക്തമായ സന്ദേശമാണിതെന്ന് വിലയിയിരുത്തപ്പെടുന്നു.
ഏതെങ്കിലും രാജ്യമോ സംഘടനയോ സംഘർഷം വർധിപ്പിക്കാൻ മുതിർന്നാൽ അതിനെ പ്രതിരോധിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് പെന്റഗൺ മേധാവി ലോയ്ഡ് ഓസ്റ്റിൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അമേരിക്ക നേരത്തേ രണ്ടു വിമാന വാഹിനികളുടെ നേതൃത്വത്തിലുള്ള കപ്പൽപ്പടയെ മെഡിറ്ററേനിയനിലേക്ക് അയച്ചിരുന്നു.
അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങളടക്കമാണ് ഇവ എത്തിയിരിക്കുന്നത്. ഒക്ടോബർ ഏഴിനു ഹമാസിന്റെ ഭീകരാക്രമണം ഉണ്ടായശേഷം 17,350 യുഎസ് സൈനികർ മേഖലയിലെത്തിയിട്ടുണ്ട്.