കോട്ടയം: കാഴ്ചയുടെ മഹാവിസ്മയമായി മെഡക്സ്-2023ന് കോട്ടയം മെഡിക്കല്‍ കോളജില്‍ തുടക്കമായി. ജനനം മുതല്‍ മരണം വരെയുള്ള ജീവിതചക്രം കണ്ടും കേട്ടും പഠിക്കാനുള്ള അവസരമാണ് മെഡക്സിലുള്ളത്.
അവയവങ്ങള്‍, രോഗങ്ങള്‍, ചികിത്സായന്ത്രങ്ങള്‍, പ്രതിരോധമാര്‍ഗങ്ങള്‍ തുടങ്ങി വൈദ്യശാസ്ത്രപരമായ ഒട്ടേറെ വിവരങ്ങള്‍ അറിയാനുള്ള അവസരം. സെമിനാറുകള്‍, വീഡിയോ പ്രദര്‍ശനം, ഫോട്ടോകള്‍, മോഡലുകള്‍ മെഡക്സ് കാഴ്ചയുടെ അപൂര്‍വ അനുഭവമാകുന്നു.
മനുഷ്യശരീരത്തിനുള്ളിലേക്കു പ്രവേശിക്കുന്ന രീതിയിലാണ് പ്രദര്‍ശന കവാടം. പകുതി മസിലുകള്‍ നിറഞ്ഞ മനുഷ്യനും വിവിധ പ്രായങ്ങളില്‍ ശരീരത്തിനു സംഭവിക്കുന്ന പ്രവര്‍ത്തനങ്ങളും കാണിക്കുന്ന കവാടത്തിലൂടെ അകത്തേക്കു പ്രവേശിച്ചാല്‍ മനുഷ്യന്റെ ജനനം സംബന്ധിച്ചുള്ള എല്ലാ അറിവുകളും സമ്മാനിക്കുന്ന പ്രസവ ചികിത്സ വിഭാഗത്തിലേക്കാണ് എത്തുന്നത്.
പ്രസവത്തിന്റെ എല്ലാ ഘട്ടങ്ങളും രോഗങ്ങളും ചികിത്സയും ആധുനിക സംവിധാനങ്ങളും ഇവിടെ കാണാം. കമ്യൂണിറ്റി മെഡിസിന് സാമൂഹിക ആരോഗ്യ വിഭാഗത്തിന്റെ സ്റ്റാളില്‍ ഈഡിസ്, ക്യൂലക്സ്, അനോഫിലിസ് കൊതുകുകളുടെ വലിയ രൂപങ്ങളാണു പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
കൊതുകജന്യമടക്കമുള്ള വിവിധ രോഗങ്ങളെക്കുറിച്ചും അതിന്റെ ബോധവത്ക്കരണ ക്ലാസുകളും ഇവിടെ നല്കുന്നു. അനാട്ടമി വിഭാഗത്തിലേക്കു തലയോട്ടിയാണ് സ്വാഗതം ചെയ്യുന്നത്.
തലയോട്ടിക്കുള്ളിലൂടെ കടന്ന് അകത്തെത്തുമ്പോൾ പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണമായ മൃതദേഹവും പോസ്റ്റ്മോര്‍ട്ടവും കാണാം. ഇതോടൊപ്പം മനുഷ്യ ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ ശേഖരണമുണ്ട്.
പ്രവേശനം നാക്കിലൂടെ, ഇറക്കം കുടലിലൂടെ
വാരിയെല്ലിനുള്ളില്‍ കൂടിയാണ് അസ്ഥിരോഗ വിഭാഗത്തിലേക്ക് പ്രവേശിക്കുന്നത്. ഇവിടെ വിവിധ യന്ത്രങ്ങള്‍ മുതല്‍ ശസ്ത്രക്രിയ മുറിവരെ സജ്ജീകരിച്ചിരിക്കുന്നു.
മൈക്രോബയോളജി വിഭാഗത്തിന്റെ മുറിയില്‍ ശരീരത്തിലെ വിവിധ വിരകളുടെ യഥാര്‍ഥ സാമ്പിളുകളുകളും കാണാന്‍ കഴിയും. പ്രദര്‍ശനത്തിന്റെ മറ്റൊരു ആകര്‍ഷണം ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗമാണ് നാക്കില്‍ കൂടി പ്രവേശിച്ച് പല്ലിലൂടെ അണ്ണാക്കില്‍ ഇറങ്ങി ആമാശയത്തിലേക്ക് എത്തി വന്‍കുടലും ചെറുകുടലും കഴിഞ്ഞു പുറത്തേക്കിറങ്ങുന്ന രീതിയിലാണ് സ്റ്റാള്‍.
ഓരോ അവയവങ്ങള്‍ എത്തുമ്പോഴും അതിന്റെ രോഗങ്ങളും ചികിത്സകളും ലൈറ്റിന്റെയും ശബ്ദത്തിന്റെയും സഹായത്തോടെ പ്രതിപാദിക്കുന്നു.
കൃഷ്ണമണിയിലൂടെ നേത്രരോഗ വിഭാഗത്തിലേക്കും തുറന്ന പുസ്തകത്തിനുള്ളില്‍ കൂടി ജനറല്‍ മെഡിസിന് വിഭാഗത്തിലേക്കും പ്രവേശിക്കാം. എല്ലാ മെഡക്സിന്റെയും ആകര്‍ഷണം അസ്ഥികൂടമാണ് ഇത്തവണ അസ്ഥികൂട നൃത്തസ്റ്റാളാണ് ഒരുക്കിയിരിക്കുന്നത്.
ഹൃദയത്തിനുള്ളില്‍ കൂടി കാര്‍ഡിയോളജി വിഭാഗത്തിലേക്കു പ്രവേശിച്ചാല്‍ ഹൃദയസംബന്ധിയായ രോഗങ്ങളും ഹൃദയശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരിട്ട് അനുഭവിക്കാന്‍ സാധിക്കും.
കോട്ടയം മെഡിക്കല്‍ കോളജിന്റെ നാളതുവരെയുള്ള പ്രവര്‍ത്തനങ്ങളും നേട്ടങ്ങളെക്കുറിച്ചുള്ള സ്റ്റാളാണ് അവസാനത്തേത്. മെഡക്സ് പ്രദര്‍ശനത്തോടൊപ്പം വാണിജ്യ ഭക്ഷണ സ്റ്റാളുകളുമുണ്ട്.
സുകുമാരകുറുപ്പും ഉത്ര കൊലക്കേസും
കേരളം ചര്‍ച്ച ചെയ്യപ്പെട്ട ചാക്കോ വധക്കേസും ഉത്ര കൊലക്കേസും മെഡക്സില്‍. ചാക്കോയെ കൊലപ്പെടുത്താനായി സുകുമാരക്കുറുപ്പ് സൃഷ്ടിച്ച കാറപടകടമാണ് മെഡക്സ് വേദിയില്‍ ആവിഷ്കരിച്ചിരിക്കുന്നത്.
ഫോറന്‍സിക് വിഭാഗമാണ് ചാക്കോ വധക്കേസ് പഠന വിഷയമായി പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുപ്രീം പൊസിഷന്‍ ടെക്നിക്ക് വഴി തലയോട്ടി ഫോട്ടോയുമായി താരതമ്യം ചെയ്ത് മരിച്ച വ്യക്തിയുടെ കണ്ടെത്തുകയായിരുന്നു.
വലതുപാദത്തിലെ അസ്ഥികള്‍ യോജിപ്പിച്ച ശേഷം വലതു പാദത്തിന്റെ ക്ലേ മോഡലുണ്ടാക്കി മരിച്ച വ്യക്തിയുടെ ചെരുപ്പുമായി താരതമ്യം ചെയ്തു.
ഇതിലൂടെയാണ് മൃതദേഹം സുകുമാരക്കുറുപ്പിന്റെതല്ല കാണാതായ ചാക്കോയുടേതാണെന്ന് കണ്ടെത്തിയത്. മരണ ശേഷമാണ് ശരീരം കത്തിച്ചതെന്ന നിഗമത്തില്‍ ഫോറന്‍സിക് വിഭാഗം എത്തിയത്.
കേരളത്തില്‍ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്ര വധക്കേസില്‍ ഫോറന്‍സിക് വിഭാഗം കണ്ടെത്തിയ ശാസ്ത്രീയ തെളിവുകള്‍ വിശദീകരിക്കുന്ന സ്റ്റാളും മെഡക്സിലുണ്ട്.
കട്ടിലില്‍ കിടക്കുന്ന ഒരു സ്ത്രീയെ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിക്കുന്ന ഡെമോയാണുളളത്. ഫോറന്‍സിക് വിഭാഗത്തിന്റെ ശാസ്ത്രീയ തെളിവുകളാണ് കേസ് കൊലപാതകമാണെന്ന് തെളിയിച്ചത്. ശാസ്ത്രീയ തെളിവുകള്‍ സംബന്ധിച്ച എല്ലാ കാര്യങ്ങളും സ്റ്റാളില്‍ വിശദീകരിക്കുന്നുണ്ട്.