ഭോപ്പാല്‍: കേന്ദ്ര കൃഷിമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര സിംഗ് തോമറിന്റെ മകൻ ദേവേന്ദ്ര സിംഗ് തോമര്‍ കോടികളുടെ ഇടപാടിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത്.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്നു നടക്കാനിരിക്കെയാണ് വീഡിയോ പുറത്തുവന്നത്. ദിമനി മണ്ഡലത്തിൽ നരേന്ദ്ര തോമർ സ്ഥാനാർഥിയായതിനാൽ കോണ്‍ഗ്രസ് ഇതിനകം വീഡിയോ രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്.
ദേവേന്ദ്ര തോമര്‍ വീഡിയോ കോളില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദേവേന്ദ്ര തോമറിന്റെ ഏജന്റുമായുള്ള വീഡിയോ കോളാണ് ഇതെന്നാണ് കരുതപ്പെടുന്നത്.
രാജസ്ഥാനിലെയും മൊഹാലിയിലെയും ഖനി, ഭൂമി വ്യവസായികളില്‍നിന്ന് കോടിക്കണക്കിന് രൂപ വാങ്ങുന്നതിനെക്കുറിച്ചാണ് സംസാരം. “അവര്‍ നൂറ് കോടി രൂപ തരും, അക്കൗണ്ട് തയാറാക്കി വയ്ക്കൂ’ എന്ന് ദേവേന്ദ്ര തോമര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
കേന്ദ്രമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തുമായ നരേന്ദ്ര സിംഗ് തോമറിന്റെ മകന് ദേവേന്ദ്ര തോമര്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നത് കണ്ടില്ലേയെന്നും ദയവായി ഇതിന്റെ ആധികാരികത ഇഡി, സിബിഐ, ഇന്‍കം ടാക്സ് എന്നിവ പരിശോധിക്കൂവെന്നും വീഡിയോ പങ്കുവച്ചു മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കമല്‍നാഥിന്റെ മാധ്യമ ഉപദേഷ്ടാവ് പിയൂഷ് ബാബേല്‍ എക്സില്‍ കുറിച്ചു.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയ ദേവേന്ദ്ര തോമർ വീഡിയോ വ്യാജമാണെന്ന് പറഞ്ഞു. ഇതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച ദേവേന്ദ്ര തോമർ ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതിയും നൽകി.