ലണ്ടൻ: 111 വര്‍ഷം മുമ്പ് കടലിൽ മുങ്ങിയ ആഡംബര യാത്രാക്കപ്പലായ ടൈറ്റാനിക് എക്കാലവും വാർത്തകളിലെ താരമാണ്. ഏറ്റവും ഒടുവിലായി ടൈറ്റാനിക്കിലെ പുരാതന വസ്തുക്കളുടെ ലേലമാണ് വാര്‍ത്തകളില്‍ ഇടം തേടുന്നത്. ടൈറ്റാനിക്കിൽ ഉപയോഗിച്ചിരുന്ന ഒരേയൊരു ഫസ്റ്റ് ക്ലാസ് ഡിന്നർ മെനു കാർഡാണ് ഇത്തവണ ലേലത്തിലെ ഏറ്റവും വിശിഷ്ട വസ്തു. ഇത് ലേലത്തില്‍ 71,87,390 രൂപയ്ക്കു വിറ്റ് പോകുമെന്നാണു കണക്കുകൂട്ടൽ.
ആഡംബരക്കപ്പലില്‍ സാധാരണക്കാരും ഉണ്ടായിരുന്നെങ്കിലും ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് മാത്രമാണ് പ്രത്യേക ഭക്ഷണ മെനു ഉണ്ടായിരുന്നത്. ആ മെനുവില്‍ മുത്തുച്ചിപ്പി, ബീഫ്, സ്പ്രിംഗ് ലാംബ്, മല്ലാർഡ് താറാവ് എന്നിങ്ങനെ നിരവധി വിഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് മെനു കാർഡിലെ അക്ഷരങ്ങള്‍ ഭാഗികമായി മാഞ്ഞ് തുടങ്ങിയനിലയിലാണ്.
ഈ മെനു മാത്രമല്ല ലേലത്തിലുള്ളത്. മെനുവിനെക്കാള്‍ വില പ്രതീക്ഷിക്കുന്ന ഒന്നാണ് കപ്പലില്‍ ഉപയോഗിച്ചിരുന്ന ഡെക്ക് ബ്ലാങ്കറ്റ്. ഇതിന് ഒരു കോടി രൂപവരെ വില പ്രതീക്ഷിക്കുന്നു. കപ്പല്‍ കടലാഴങ്ങളിൽ മുങ്ങിയപ്പോള്‍ 1,500ലധികം പേർക്കു ജീവന് നഷ്ടപ്പെട്ടിരുന്നു. അതിജീവിച്ചവരുമായി ന്യൂയോർക്കിലേക്ക് യാത്രതിരിച്ച ആർഎംഎസ് കാർപാത്തിയ എന്ന രക്ഷാകപ്പലില് ഈ ബ്ലാങ്കറ്റും കരപറ്റിയതായി വിശ്വസിക്കുന്നു.
1912 ഏപ്രില്‍ 15ന് മഞ്ഞുമലയില്‍ ഇടിച്ചാണ് ടൈറ്റാനിക്ക് മുങ്ങിയത്. ടൈറ്റാനിക് ദുരന്തത്തെത്തുടർന്ന് ഏഴ് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടെ കടലില്‍നിന്നു കണ്ടെത്തിയ രണ്ടാം ക്ലാസ് യാത്രക്കാരനായ സിനായ് കാന്ററിന്റെ ശരീരത്തില്‍നിന്നു കണ്ടെടുത്ത പോക്കറ്റ് വാച്ചും ലേലത്തിലുണ്ട്.
ഈ പോക്കറ്റ് വാച്ചിന് ലേലത്തിൽ 82,11,520 രൂപ വരെ പ്രതീക്ഷിക്കുന്നു. മൂന്നാം ക്ലാസ് യാത്രയ്ക്കുള്ള താരിഫുകള്‍ പരസ്യം ചെയ്ത് നിറം മങ്ങിത്തുടങ്ങിയ ബ്രോഡ്സൈഡ് പോസ്റ്ററും ലേലത്തിലുണ്ട്. നവംബര്‍ 11ന് വിൽറ്റ്ഷെയറിലെ ഡിവൈസെസിലെ ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ ലിമിറ്റഡിൽ ലേലം നടക്കും.