കോഴിക്കോട്: ഐക്കരപ്പടിയില്‍ സ്വര്‍ണം കടത്തിയ കേസില്‍ തന്നെ പിടിക്കാനെത്തിയ ഡിആര്‍ഐ സംഘത്തിന് മുന്നില്‍ യുവാവിന്റെ സിനിമാ സ്റ്റൈല്‍ പ്രകടനം. തപാൽ ഓഫീസ് വഴി 6.3 കിലോഗ്രാം സ്വർണം കടത്തിയ കേസിൽ പ്രതിയായ ഐക്കരപ്പടിയിലെ വെളുത്തപറമ്പ് കോലോത്ത് മിത്തൽ കല്ലറ കാളാട്ടുമ്മൽ വീട്ടിൽ ശിഹാബുദ്ദീന്റെ (30) വീട്ടിൽ ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) സംഘമാണ് റെയ്ഡ് നടത്തിയത്.
ഡിആർഐ സംഘം എത്തിയപ്പോൾ മുകൾനിലയിലായിരുന്ന ശിഹാബുദ്ദീൻ ചാടിയോടി രക്ഷപ്പെടാൻ ശ്രമിച്ചു. മുകൾനിലയിൽനിന്ന് പോർച്ചിന്റെ മുകളിലേക്കും അവിടെനിന്ന് ഉദ്യോഗസ്ഥരെത്തിയ കാറിനു മുകളിലേക്കും ചാടുകയായിരുന്നു. പിന്നാലെ ഓടിയ അന്വേഷണസംഘം 350 മീറ്റർ ദൂരെ മറ്റൊരു പറമ്പിൽനിന്ന് ഇയാളെ പിടികൂടി.
രക്ഷപ്പെടുന്ന സമയത്ത് ഇയാളുടെ കൈയിൽ സ്വർണം ഉണ്ടായിരുന്നെന്നും ഓട്ടത്തിനിടയിൽ അത് അടുത്ത വീട്ടിലെ കിണറ്റിൽ വലിച്ചെറിഞ്ഞെന്നുമുള്ള സംശയത്തിൽ കിണറിലെ വെള്ളം മോട്ടോർ ഉപയോഗിച്ചു വറ്റിച്ചു പരിശോധിച്ചു. എന്നാല്‍ കിണറ്റിൽനിന്ന് ഒന്നും കണ്ടെത്താനായില്ല.
ശിഹാബുദ്ദീൻ ചാടിയതിനെത്തുടർന്ന് ഡിആർഐ സംഘത്തിന്റെ കാറിനു കേടുപാടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിനും കൃത്യനിർവഹണത്തിനു തടസം വരുത്തിയതിനും ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകുമെന്ന് ഡിആർഐ സംഘം അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് തപാൽ ഓഫീസ് വഴിയുള്ള സ്വർണക്കടത്ത് പിടിച്ചത്. ദുബായിൽനിന്ന് കൊച്ചിയിലെ വിദേശ തപാൽ ഓഫീസ് വഴി കോഴിക്കോട് കാരന്തൂർ, മൂന്നിയൂർ തുടങ്ങിയ സ്ഥലങ്ങളിലെ വിലാസങ്ങളിലേക്ക് അയച്ച ഇസ്തിരിപ്പെട്ടി, ഡോർക്ലോസർ എന്നിവയുടെ ഉള്ളിൽവച്ചു കടത്താൻ ശ്രമിച്ച 6.3 കിലോ സ്വർണമാണ് ഡിആർഐ. സംഘം പിടികൂടിയത്. സംഭവത്തിൽ രണ്ടാംപ്രതിയായ ശിഹാബുദ്ദീൻ ഉൾപ്പെടെ ആറുപേർ അറസ്റ്റിലായിരുന്നു.