കാട്ടാക്കട: കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ ബാങ്കിന്റെ മുൻ പ്രസിഡന്റെും സിപിഐ നേതാവുമായ എൻ. ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം.
ഭാസുരാംഗനെ ഇഡി ഉദ്യോഗസ്ഥർ ആദ്യം കണ്ടല സഹകരണ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പുലർച്ചെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. 100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സർവീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുൻ സെക്രട്ടറിമാരുടെയും വീടുകളിലും അടക്കം ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇഡി സംഘം എത്തിയത്.
ബാങ്കിലെ നിക്ഷേപങ്ങൾ, വായ്പകൾ ഉൾപ്പെടെയുള്ള ഇടപാട് രേഖകൾ ഇഡി സംഘം പരിശോധിച്ചു. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മാറനല്ലൂരിലെ വീട്ടിൽ എത്തിച്ച് പരിശോധന നടത്തിയത്.
ഇതിനിടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.പൂജപ്പുരയിലെ വീട്ടിലെ പരിശോധന പൂർത്തിയായതിന് പിന്നാലെയാണ് ഇന്നലെ രാത്രിയോടെ ഇഡി ഉദ്യോഗസ്ഥർ ഭാസുരാംഗനുമായി കണ്ടലയിലെ വീട്ടിലേക്ക് പോയത്.
ഭാസുരാംഗൻ കണ്ടലയിലെ വീട്ടിൽ നിന്നും ആറു മാസം മുമ്പ് താമസം മാറിയിരുന്നു. ഇഡി ഉദ്യോഗസ്ഥർ രാവിലെ മുതൽ ഇവിടെ ഉണ്ടെങ്കിലും തുറന്ന് പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല.
സംശയനിവാരണത്തിനായാണോ രേഖകൾ ശേഖരിക്കാനാണോ ഭാസുരാംഗനെ വാഹനത്തിൽ കണ്ടലയിലെ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.
അതേസമയം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി പരിശോധനയും ചോദ്യം ചെയ്യലും പുരോഗമിക്കുന്നതിനിടെ മുന്‍ ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗനെ സിപിഐ പുറത്താക്കി.
നേരത്തെ സി പി ഐ പ്രാഥമിക അംഗത്വമുണ്ടായിരുന്നു. ഇഡി ഇടപ്പെട്ടതോടെയാണ് ഇതുവരെയും ഭാസുരാംഗനെതിരേ യാതൊരു നടപടിയും സ്വീകരിക്കാത്ത പാര്‍ട്ടി ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ഭാസുരാംഗനെതിരെ കടുത്ത നടപടി വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. ജില്ല എക്സിക്യൂട്ടീവാണ് തീരുമാനമെടുത്തതെന്ന് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അറിയിച്ചു.
ബാങ്കിലെ പരിശോധന രാത്രി വൈകിയും ഇന്നും തുടരുകയാണ്. ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലുമായി ഇന്ന് രണ്ടിടങ്ങളിലാണ് റെയിഡ് നടക്കുന്നത്.
കരുവന്നൂരിന് പിന്നാലെയാണ് കണ്ടല സർവ്വീസ് സഹകരണ ക്രമക്കേടിലും ഇഡി ഇടപെടലുണ്ടായത്. ബാങ്കിലും ബാങ്ക് സെക്രട്ടറിമാരുടെ വീട്ടിലും ആയി ആറിടങ്ങളിലാണ് പരിശോധന നടന്നത്.
സിപിഐ നേതാവ് ഭാസുരാംഗൻ പ്രസിഡൻറായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്.
30 വർഷത്തോളം കണ്ടല സഹകരണ ബാങ്ക് പ്രസിഡൻറ് സ്ഥാനത്തിരുന്ന സിപിഐ നേതാവ് ഭാസുരാഗൻറെ നേതൃത്വത്തിൽ നടന്ന കോടിക്കകണക്കിന് രൂപയുടെ ക്രമക്കേട് പുറത്ത് വന്നിരുന്നു.
ഈയിടെ ഭരണ സമിതി രാജിവച്ച് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായി. കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സഹകരണ രജിസ്ട്രാർ രണ്ടാഴ്ച മുൻപ് ഇഡിക്ക് കൈമാറിയിരുന്നു.
ജില്ലയിലെ ഗ്രാമീണമേഖലയിലെ പ്രമുഖ സഹകരണസ്ഥാപനമായ മാറനല്ലൂരിലെ കണ്ടല സർവീസ് സഹകരണ ബാങ്കിൽ വർഷങ്ങളായി തുടരുന്ന കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയിൽ 101 കോടി രൂപയുടെ മൂല്യശോഷണമാണുണ്ടായി.
കഴിഞ്ഞ 15 വർഷത്തിലധികമായി തുടരുന്ന കെടുകാര്യസ്ഥതയും ഭരണസമിതിയുടെ ക്രമരഹിതമായ നടപടികളും ധൂർത്തുമാണ് ബാങ്കിനെ തകർത്തത്.
സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ നിർദ്ദേശപ്രകാരം കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാർ 2021-ൽ നടത്തിയ അന്വേഷണത്തിൽ ഇക്കാര്യങ്ങൾ വ്യക്തമായി പരാമർശിക്കുന്നുണ്ട്.
2022 ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും ഇതിന്റെ തുടർനടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല.2005 മുതൽ 2021 ഡിസംബർ വരെ നിക്ഷേപത്തിൽ നിന്ന് വകമാറ്റി 80.27 കോടി രൂപയാണ് ക്രമരഹിതമായി ചെലവഴിച്ചത്.
ബാങ്കിന്റെയും കണ്ടല സഹകരണ ആശുപത്രിയുടെയും സ്ഥാവരജംഗമ വസ്തുക്കളിൽ വകമാറ്റി ചെലവഴിച്ചത് 6.75 കോടിയാണ്. നിക്ഷേപത്തിൽ നിന്ന് ചിട്ടികളിലേയ്ക്ക് വകമാറ്റിയത് 10 കോടിയും. 2005-06 വർഷത്തിൽ മാത്രം അധികപലിശ നിരക്കിലും സഹകരണ ആശുപത്രിയിലേയ്ക്ക് ചെലവുകളിലുമായി 3.9 കോടി വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ 101 കോടിരൂപയാണ് തിരികെക്കിട്ടാനാകാത്തവിധം നഷ്ടമായിരിക്കുന്നത്.