നെടുങ്കണ്ടം: യുവാവിന്റെ വെട്ടേറ്റ് ഭാര്യാ പിതാവ് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യയെ ഗുരുതര നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം കൗന്തിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം.
കൗന്തി പുതുപ്പറമ്പില്‍ തോമസ് (ടോമി-70)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ടോമിയുടെ മരുമകന് മാവടി സ്വദേശി ജോബിന് തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോബിന്റെ ഭാര്യയും ടോമിയുടെ മകളുമായ ടിന്റുവാണ് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്നത്.
ഇന്നലെ അര്‍ധരാത്രിയ്ക്കു ശേഷമായിരുന്നു സംഭവം. കുടുംബ കലഹത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. ബംഗളൂരുവില്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ജോബിന്.
ഏറെ നാളായി ഭാര്യ ടിന്റുവുമായി ജോബിന് തര്‍ക്കത്തിലായിരുന്നു. ഇരുവരും അകന്നുകഴിയുകയായിരുന്നു.ബന്ധം വേര്‍പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേസും നടന്നു വരുന്നുണ്ട്.
ഇവര്‍ക്ക് രണ്ട് പെണ്മക്കളാണുള്ളത്. രാത്രി കൗന്തിയിലെ ടോമിയുടെ വീട്ടിലെത്തിയ ജോബിന് ഇവരുമായി വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് കത്തിയുമായി ആക്രമിക്കുകയുമായിരുന്നു.
പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് നെടുങ്കണ്ടം പോലീസ് അറിയിച്ചു.