അഹമ്മദാബാദ്: ഗുജറാത്തിൽ നടന്ന “സുകുമാരക്കുറുപ്പ് മോഡൽ’ കൊലപാതകത്തിലെ പ്രതിയെ 17 വർഷത്തിനുശേഷം പോലീസ് അറസ്റ്റ്ചെയ്തു. ഇൻഷ്വറൻസ് തുക സ്വന്തമാക്കാനായി യാചകനെ കൊലപ്പെടുത്തിയശേഷം സ്വന്തം മരണമാക്കി മാറ്റിയ ഉത്തർപ്രദേശ് സ്വദേശി അനിൽസിംഗ് വിജയ്പാൽസിംഗ് ചൗധരി (39) യാണ് പിടിയിലായത്.
കൊലയ്ക്കുശേഷം പുതിയ പേരും മേൽവിലാസവും തരപ്പെടുത്തി താമസിച്ചുവരികയായിരുന്ന ഇയാളെ അഹമ്മദാബാദിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
യാചകനെ കൊലപ്പെടുത്തിയ ശേഷം താനാണ് മരിച്ചതെന്ന് ബോധിപ്പിച്ച് ഇൻഷ്വറൻസ് തുകയായ 80 ലക്ഷം രൂപ ഇയാൾ ക്ലെയിം ചെയ്തതായി പോലീസ് പറഞ്ഞു.
2006 ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗ്രയിലെ രകബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ കാറിനു തീപിടിച്ച് ഡ്രൈവർ മരിച്ച സംഭവമാണ് കൊലയാണെന്ന് തെളിഞ്ഞിരിക്കുന്നത്.
അന്നു തീപിടിച്ചു കത്തിക്കരിഞ്ഞ് മരിച്ചത് അനിൽസിംഗ് ചൗധരിയാണെന്ന് അദ്ദേഹത്തിന്റെ പിതാവ് തിരിച്ചറിഞ്ഞിരുന്നു.
എന്നാൽ അടുത്തിടെ അനിൽസിംഗ് ചൗധരി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും രാജ്കുമാർ ചൗധരി എന്ന പുതിയ പേരിൽ നിക്കോൾ പ്രദേശത്ത് താമസിക്കുന്നുണ്ടെന്നും അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചു.
തുടർന്നാണ് നാടകീയമായ അറസ്റ്റ്. താനും പിതാവും ചേർന്ന് അപകട ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നെന്ന് അനിൽസിംഗ് ചൗധരി പോലീസിനോട് സമ്മതിച്ചു.