കോട്ടയം: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾക്കു വിധേയമാകുന്ന രോഗികൾക്കു സൗജന്യചികിത്സ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നു.
സൗജന്യ ചികിത്സാപദ്ധതികൾക്കായി സർക്കാർ ഫണ്ട് ലഭിക്കാത്തതിനാൽ ശസ്ത്രക്രിയകൾ വരെ മുടങ്ങുന്ന സാഹചര്യം പതിവായിരിക്കുകയാണ്.
ഉപകരണങ്ങളും മരുന്നുകളും രോഗികളുടെ ബന്ധുക്കളാണ് ഇപ്പോൾ ലഭ്യമാക്കുന്നത്. ന്യൂറോ സർജറി, ജനറൽ സർജറി, അസ്ഥിരോഗം തുടങ്ങിയ വിഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്ന നിർധനരായ രോഗികൾ ഇതുമൂലം വലയുകയാണ്.
ശസ്ത്രക്രിയ അനുബന്ധ ഉപകരണങ്ങൾ നൽകിയ ഇനത്തിൽ 113 കോടി രൂപയാണ് വിവിധ സ്വകാര്യ സ്ഥാപനങ്ങൾക്ക് മെഡിക്കൽ കോളജ് നൽകാനുള്ളത്.
ഇതു നൽകാത്തതിനാൽ സ്വകാര്യ സ്ഥാപനങ്ങൾ ഉപകരണങ്ങൾ നൽകുന്നതു നിർത്തി. സർക്കാരിൽനിന്ന് ഫണ്ട് ലഭിക്കുന്നതനുസരിച്ച് പണം നൽകാമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കന്പനികൾ ഉപകരണങ്ങൾ നൽകാൻ തയാറാകുന്നില്ല.
കഴിഞ്ഞ ദിവസം മരത്തിൽനിന്നു വീണു പരിക്കേറ്റ മട്ടാഞ്ചേരി സ്വദേശിക്ക് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു. ശസ്ത്രക്രിയ അനുബന്ധ ഉപകരണങ്ങൾ സൗജന്യമായി വാങ്ങാൻ ബന്ധപ്പെട്ട വിഭാഗത്തെ ബന്ധുക്കൾ സമീപിച്ചു. അപ്പോഴാണ് പദ്ധതിയിൽ ഫണ്ട് ലഭ്യമല്ലാത്തതിനാൽ പണം കൊടുത്തു വാങ്ങാൻ നിർദ്ദേശം ലഭിച്ചത്.
രോഗിയുടെ ബന്ധുക്കളുടെ കൈവശം പണം തികയാതിരുന്നതിനെത്തുടർന്ന് ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടർമാർ അവരുടെ കൈയിൽനിന്ന് പണം ശേഖരിച്ച് ഉപകരണങ്ങൾ വാങ്ങിയാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്കു ശേഷം ഇയാളെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്കു മാറ്റിയിരിക്കുകയാണ്.