കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിൽ പ്രവർത്തനരഹിതമായിട്ട് ഒരു വർഷം പിന്നിടുന്നു. അധികൃതർ അറിഞ്ഞമട്ടുകാണിക്കുന്നില്ല.
പ്രവർത്തനരഹിതമെന്ന് നോട്ടീസ് ഒട്ടിക്കുക മാത്രമാണ് അധികൃതർ ചെയ്തിരിക്കുന്നത്. സെൻസർ പ്രവർത്തിക്കാത്തതുമൂലമാണ് അമ്മത്തൊട്ടിൽ നിലച്ചത്. അലാറവും തകരാറിലാണ്.
കാഷ്വാലിറ്റിയോടുചേർന്നാണ് അമ്മത്തൊട്ടിൽ സ്ഥാപിച്ചിട്ടുള്ളത്. കുഞ്ഞിനെ തൊട്ടിലിൽ കിടത്താൻ പടിക്കെട്ടിൽ കയറിനിൽക്കുമ്പോൾ സെൻസർ പ്രവർത്തിക്കുകയും അലാറം അടിക്കുകയുമാണ് ചെയ്യുക.
അമ്മത്തൊട്ടിൽ പ്രവർത്തനരഹിതമായതിനാൽ കുഞ്ഞിനെ പടിക്കെട്ടിൽ ഉപേക്ഷിച്ചുപോയ സംഭവവും ഉണ്ടായിട്ടുണ്ട്.
ഇടക്കിടെ സെൻസർ പ്രവർത്തനരഹിതമാവാറുണ്ട്.
അപ്പോഴെല്ലാം ഇതിന്റെ ചുമതല നിർവഹിക്കുന്ന ശിശുക്ഷേമസമിതി തിരുവനന്തപുരത്തെ ഓഫിസിലറിയിച്ച് അവിടെനിന്ന് ആളെത്തി നന്നാക്കുകയായിരുന്നു പതിവ്.
2009ൽ സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ഇതുവരെ 25 കുഞ്ഞുങ്ങളെ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ജൂണിലാണ് അവസാനമായി കുഞ്ഞിനെ കിട്ടിയത്.
എല്ലാ ജില്ലകളിലും പഴയ അമ്മത്തൊട്ടിൽ മാറ്റി ആധുനിക സാങ്കേതികവിദ്യകളോടെയുള്ളവ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഇടക്കിടെയുള്ള തകരാറ് ഒഴിവാകുമെന്നാണു പ്രതീക്ഷ.