തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പർ നായികയാണ് സാമന്ത. കോടികള്‍ പ്രതിഫലം വാങ്ങുന്ന അപൂര്‍വം നടിമാരില്‍ ഒരാളാണ് താരം. ഇടക്കാലത്ത് ഭര്‍ത്താവ് നാഗ ചൈതന്യയുമായി ബന്ധം അവസാനിപ്പിച്ചതോടെയാണ് സാമന്തയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. അതുവരെയുള്ള സിനിമാ ജീവിതത്തില്‍ യാതൊരു പ്രശ്നങ്ങളുമില്ലാതെ പോവുകയായിരുന്നു നടി.
ചൈതന്യയുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചത് ആരാധകര്‍ക്കും അംഗീകരിക്കാന്‍ സാധിച്ചില്ല. ഇതോടെ സാമന്ത കാരണമാണ് ബന്ധം തകര്‍ന്നതെന്ന ആരോപണം വന്നു. വിവാഹമോചനത്തെക്കുറിച്ചും തന്റെ അസുഖത്തെക്കുറിച്ചും നടിതന്നെ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
‘വിവാഹജീവിതം പരാജയപ്പെട്ടത് എന്റെ ആരോഗ്യത്തെയും ജോലിയെയുമൊക്കെ ബാധിച്ചിരുന്നു. ആ സമയത്ത് തിന്മയുടെ ശക്തി വന്നത് പോലെയാണ് തോന്നിയത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ഞാന്‍ സഹിച്ചത് അത്രത്തോളമാണ്. ആ സമയത്ത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലൂടെ പോയിട്ട് തിരികെ വന്ന താരങ്ങളെക്കുറിച്ച് ഞാന്‍ വായിച്ചിരുന്നു. അങ്ങനെയാണ് എന്റെ വിഷാദത്തില്‍നിന്നു രക്ഷപ്പെട്ടത്. അവരുടെ കഥകള്‍ വായിച്ചതാണ് എന്നെ സഹായിച്ചതെന്ന് പറയാം. മാത്രമല്ല അതെനിക്ക് കൂടുതല്‍ ശക്തിയും ഊര്‍ജവും നല്കി.
അവര്‍ക്ക് അങ്ങനെ ചെയ്യാന്‍ സാധിച്ചെങ്കില്‍ എനിക്കും സാധിക്കുമെന്ന ചിന്ത വന്നു. രാജ്യത്ത് ഒത്തിരി പേരുടെ സ്നേഹം ലഭിക്കുന്നൊരു താരമാകാന്‍ എനിക്ക് സാധിച്ചെങ്കില്‍ അത് വിലമതിക്കാനാവാത്ത സമ്മാനമല്ലേന്ന് ചിന്തിച്ചു. അതില്‍ സത്യസന്ധതയോടെ ഇരിക്കാനും ഉത്തരവാദിത്തം കാണിക്കാനും തോന്നി. എത്ര ബ്ലോക്ക്ബസ്റ്റര്‍ സിനിമ ഉണ്ടെന്നോ, എത്ര അവാര്‍ഡുകള്‍ കിട്ടിയെന്നോ അല്ല നോക്കേണ്ടത്.
എന്റെ വീഴ്ചകളും വേദനയും പരസ്യമായി പോയെങ്കിലും ഞാനത് കാര്യമാക്കുന്നില്ല. യഥാര്‍ഥത്തില്‍ ഇതൊക്കെയാണ് എന്നെ ശക്തിപ്പെടുത്തിയതെന്ന് പറയാം. എനിക്കുള്ള വേദനകളെല്ലാം വച്ച് ഞാന്‍ യുദ്ധം ചെയ്യുകയാണ്. അതെനിക്ക് വ്യക്തമായി അറിയുകയും ചെയ്യും. സമാനമായ അവസ്ഥയിലൂടെ പോവുന്ന ആളുകള്‍ക്കും അവരുടെ ജീവിതം തുടരാനുള്ള ശക്തിയുണ്ടാവട്ടെ എന്ന് ഞാന്‍ ആശംസിക്കുകയാണ്’- സാമന്ത പറഞ്ഞു.