സിഡ്നി: മെഗാസ്റ്റാർ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം മെഗ് ലാന്നിംഗ് രാജ്യാന്തര വേദിയിൽനിന്നു വിരമിച്ചു. തീർത്തും അപ്രതീക്ഷിതമായാണു മുപ്പത്തൊന്നുകാരിയായ ലാന്നിംഗിന്റെ വിരമിക്കൽ. രാജ്യാന്തര ക്രിക്കറ്റിൽ 8,000ൽ അധികം റണ്‍സ് നേടിയ ലാന്നിംഗ്, 13 വർഷം നീണ്ട രാജ്യാന്തര കരിയറിനാണു വിരാമമിട്ടത്
.
രണ്ട് ഏകദിന ലോകകപ്പും അഞ്ച് ട്വന്റി-20 ലോകകപ്പും ഉൾപ്പെടെ ഏഴ് ഐസിസി ലോക കിരീട നേട്ടങ്ങളിൽ പങ്കാളിയായി. 2014 മുതൽ ഓസ്ട്രേലിയയുടെ ക്യാപ്റ്റനായിരുന്നു.
21-ാം വയസിൽ ക്യാപ്റ്റനായതിലൂടെ ഓസ്ട്രേലിയയെ നയിച്ച (പുരുഷ-വനിത) ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കാർഡ് സ്വന്തമാക്കി. ലാന്നിംഗിന്റെ ക്യാപ്റ്റൻസിയിൽ 179 മത്സരങ്ങൾ കളിച്ച ഓസ്ട്രേലിയൻ വനിതാ ടീം 146 മത്സരങ്ങൾ ജയിച്ചു; അഞ്ച് ഐസിസി ട്രോഫികൾ സ്വന്തമാക്കി. 2014ൽ ട്വന്റി-20യിലും 2015ൽ ഏകദിനത്തിലും ഐസിസിയുടെ മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
2022ൽ ഇടവേള
2022 ഓഗസ്റ്റിൽ മെഗ് ലാന്നിംഗ് ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്തിരുന്നു. സ്വകാര്യ കാരണങ്ങളായിരുന്നു ഇടവേളയ്ക്കു കാരണം. ആ സമയം താരപ്പകിട്ടുകൾ അഴിച്ചുവച്ച് ലാന്നിംഗ് ഒരു കഫേയിലെ ജോലിക്കാരിയായി. നിരവധി യാത്രകൾ ചെയ്തു.
കളിക്കളത്തിൽനിന്ന് ഇടവേളയെടുത്ത് ഇത്തരത്തിൽ സമയം ചെലവഴിച്ചതിന് ഏവരും ലാന്നിംഗിനെ പ്രശംസിച്ചു. 2023 ജനുവരിയിൽ പാക്കിസ്ഥാനെതിരായ പരന്പരയിലൂടെ താരം രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തി.ട്വന്റി-20യിൽ ആറ് മത്സരങ്ങളിൽ ഒരു അർധസെഞ്ചുറി ഉൾപ്പെടെ 345 റണ്‍സ് നേടി. മെഗാസ്റ്റാർ
ഏകദിനത്തിൽ 103 മത്സരങ്ങളിൽ 15 സെഞ്ചുറിയും 21 അർധസെഞ്ചുറിയും ഉൾപ്പെടെ 4602 റണ്‍സും 132 ടെസ്റ്റിൽനിന്ന് രണ്ട് സെഞ്ചുറിയും 15 അർധസെഞ്ചുറിയും ഉൾപ്പെടെ 3405 റണ്‍സും സ്വന്തമാക്കി. വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയുള്ള താരമാണ് ലാന്നിംഗ്.
രാജ്യാന്തര കരിയറില്‍ ആകെ 241 മത്സരങ്ങളിൽനിന്ന് നേടിയത് 8352 റണ്‍സ്. ഇതിൽ 17 സെഞ്ചുറിയും ഉൾപ്പെടുന്നു. 2015, 2019, 2022 വർഷങ്ങളിൽ ഓസ്ട്രേലിയ ആഷസ് പരന്പര സ്വന്തമാക്കിയപ്പോഴും ലാന്നിംഗായിരുന്നു ക്യാപ്റ്റൻ.
മിന്നും റിക്കാർഡ്
1. ക്യാപ്റ്റനായി പുരുഷ-വനിതാ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഐസിസി കിരീടം, അഞ്ച്. റിക്കി പോണ്ടിംഗാണ് (4) രണ്ടാമത്.
2. രാജ്യാന്തര ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ജയം (പുരുഷ-വനിതാ വിഭാഗം) നേടിയ ക്യാപ്റ്റൻ. 26 തുടർജയം ലാന്നിംഗിന്റെ കീഴിൽ ഓസീസ് വനിതാ ടീം സ്വന്തമാക്കി.
3. ചുരുങ്ങിയത് 70 മത്സരങ്ങളിൽ ക്യാപ്റ്റനായ പുരുഷ-വനിതാ താരങ്ങളിൽ ഏറ്റവും കൂടുതൽ വിജയ ശതമാനം, ഏകദിനത്തിൽ 88.46ഉം ട്വന്റി-20യിൽ 76ഉം.
4. രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. 18 വർഷവും 288 ദിവസവും പ്രായമുള്ളപ്പോൾ സെഞ്ചുറി നേടി.