സ്വന്തം ലേഖകൻ
തൃശൂർ: ജനങ്ങളുടെ സ്വൈര്യജീവിതത്തിനു ഭീഷണിയായി ഗുണ്ടാസംഘങ്ങളുടെ ആക്രമണങ്ങളും കുടിപ്പക തീർക്കലുകളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വർധിച്ചുവരുന്നതിനിടെ തൃശൂരിൽനിന്ന് അന്ധാളിപ്പുണ്ടാക്കുന്ന വാർത്ത. പ്രായപൂർത്തിയാകാത്തവരുടെ സംഘങ്ങളും ഗുണ്ടാമേഖലയിൽ വേരുറപ്പിക്കുകയാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞദിവസം തൃശൂർ റെയിൽവേ സ്റ്റേഷനു സമീപം ദിവാൻജിമൂലയ്ക്കടുത്തുണ്ടായ കൊലപാതകത്തിൽ 15 കാരൻ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചത്. ഈ ബാലന്റെ പേരിൽ ഇതിനുമുൻപ് കേസുകളൊന്നും ഇല്ലായിരുന്നു. ഇവൻ ഗുണ്ടാസംഘത്തിൽ എങ്ങനെ ഉൾപ്പെട്ടുവെന്നതിനെക്കുറിച്ചുള്ള പോലീസ് അന്വേഷണം ചെന്നെത്തിയത് പതിനഞ്ചും പതിനാറും വയസു മാത്രം പ്രായമുള്ള നിരവധി “കുട്ടിഗുണ്ട’കളിലാണ്.
കളവും പിടിച്ചുപറിയും ക്വട്ടേഷനുമൊക്കെയായി തൃശൂരിൽ “അണ്ടർ 17 ഗുണ്ടാസംഘം’ വേരുറപ്പിക്കുന്നതിന്റെ സൂചനകൾ ലഭിച്ചതായി പോലീസ് കേന്ദ്രങ്ങൾ പറയുന്നു. കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടാലും പ്രായത്തിന്റെ പരിഗണന ലഭിക്കുമെന്നതിനാൽ ഇവരെ കൂടെ നിർത്താനും തങ്ങളുടെ ഓപ്പറേഷനുകളിൽ പങ്കാളികളാക്കാനും മുതിർന്നവരുടെ സംഘങ്ങൾ താൽപര്യം കാട്ടുന്നു.
പ്രായത്തിന്റെ കാര്യത്തിലും നിയമത്തിന്റെ കണ്ണിലുമാണ് ഇവർ കുട്ടികളെന്നും ബയോളജിക്കലി ഇവർ മുതിർന്ന ആളുകളെപ്പോലെതന്നെയാണെന്നും ക്രിമിനോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. പിടിക്കപ്പെട്ടാൽ നിയമത്തിന്റെ ഇളവുകൾ കാരണം നാമമാത്രമായ ശിക്ഷകൾ മാത്രമാണ് ലഭിക്കുക. ഈ ‘സംരക്ഷണം’ ഇവരെ കൂടുതൽ മാരകമായ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു.
വിപണിയിൽ ഇറങ്ങുന്ന പുതിയ മയക്കുമരുന്നുകളാണു കുട്ടികളെ ഗുണ്ടാ നെറ്റ് വർക്കിലേക്ക് എത്തിക്കുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രായം പതിനഞ്ചോ പതിനാറോ ആണ് ഉള്ളതെങ്കിലും മയക്കുമരുന്ന് അകത്ത് ചെല്ലുമ്പോൾ തന്നേക്കാൾ മുതിർന്ന ആളുകളെ ആക്രമിക്കാനുള്ള കരുത്തും ധൈര്യവും ഇവർക്കു ലഭിക്കുന്നു.
പക്വതയില്ലായ്മ മൂലം മുൻപിൻ നോക്കാതെ ഏതു ദുഷ്പ്രവൃത്തിക്കും തയാറാകുന്നു. ഇത്തരം കുട്ടിക്കുറ്റവാളികൾ പെരുകുന്നത് വലിയ വിപത്തായിരിക്കുമെന്നും ക്രിമിനോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു.
മലയാളത്തിലടക്കം അടുത്തിടെ റിലീസ് ചെയ്ത ആക്ഷൻ ചിത്രങ്ങൾ കുട്ടിഗുണ്ടകൾക്ക് ആവേശവും പ്രചോദനവുമായി മാറുന്നുണ്ടെന്ന വിലയിരുത്തലുമുണ്ട്.
അടിപിടിക്ക് തൃശൂരിൽ പിടിയിലായ ഒരു കുട്ടി ഗുണ്ടയുടെ മൊഴി പോലീസ് പോലും നടുക്കുന്നതായിരുന്നു. എതിരാളിയുടെ മുഖത്ത് ഇടിച്ചപ്പോൾ സിനിമയിൽ നായകൻ ഇടിച്ചപ്പോഴുണ്ടായ സൗണ്ട് വന്നില്ലത്രെ. നിരാശയോടെയായിരുന്നു അവന്റെ ആ മൊഴിയെന്നും പോലീസ് പറയുന്നു.
സാധാരണക്കാർ സിനിമ കണ്ടശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ഇക്കൂട്ടർ സിനിമ കണ്ടിറങ്ങുന്നത് കത്തിയടക്കമുള്ള ആയുധങ്ങൾ തേടിയാണ്. “വീട്ടാനുള്ളതാണ് പക’ എന്നതുപോലുള്ള സിനിമാ ഡയലോഗുകൾ ഇവരുടെ സിരകളിൽ ലഹരിയായി പടരുന്നു. വീടുകളിലെ മോശം അന്തരീക്ഷവും പണത്തിനായുള്ള അമിതമായ ആഗ്രഹവും ഇവരിലെ ക്രിമിനൽ വാസനകളെ ഉണർത്തുന്നു.
ചെറിയ മോഷണങ്ങളിൽ തുടങ്ങി ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിലേക്ക് വളരെ വേഗം ഇവർ മാറുന്നു. ഒന്നു പറഞ്ഞാൽ രണ്ടിന് കത്തിയെടുക്കാനും പിന്നെയും തർക്കിച്ചാൽ പച്ച മാംസത്തിലേക്ക് ടൂൾസ് തുളച്ചുകയറ്റാനും ചങ്കുറപ്പുള്ളവരായി തൃശൂരിലെ കുട്ടിഗുണ്ടകൾ മാറിയിട്ടുണ്ടെന്നും ഇവർക്ക് തടയിടാനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.