തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡി ഇനത്തിൽപ്പെട്ട പതിമൂന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലവർധിപ്പിക്കാനുള്ള തീരുമാനം നവകേരള സദസസിനുശേഷം നടപ്പാക്കിയാൽ മതിയെന്ന് ഭക്ഷ്യവകുപ്പ് തീരുമാനം.
വിലവർധന ഉടൻ നടപ്പിലാക്കിയാൽ നവകേരള സദസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്കെതിരേ പൊതുജനങ്ങളുടെ ചോദ്യശരങ്ങൾ ഉയരുമെന്ന ആശങ്കയാണ് വിലവർധന വൈകിപ്പിക്കാൻ ഭക്ഷ്യവകുപ്പിനെ പ്രേരിപ്പിച്ചത്. ഈ മാസം പതിനെട്ടിന് തുടങ്ങുന്ന നവകേരള സദസ് ഡിസംബർ വരെ നീളും.
സപ്ലൈകോയുടെയും ഭക്ഷ്യവകുപ്പിന്റെയും ആവശ്യപ്രകാരം 13 ഇനം സബ്സിഡി സാധനങ്ങളുടെ വിലവർധിപ്പിക്കാൻ ഇന്നലെ ചേർന്ന എൽഡിഎഫ് യോഗം ഭക്ഷ്യമന്ത്രിക്ക് അനുമതി നൽകിയിരുന്നു.
പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ച് നിർത്താൻ വിപണി ഇടപെടൽ നടത്തി പതിമൂന്ന് ഇനം നിത്യോപയോഗസാധനങ്ങൾ സബ്സിഡി നിരക്കിൽ സപ്ലൈകോ നൽകിയതിന് 1,525 കോടി രൂപ ഭക്ഷ്യവകുപ്പ് കുടിശിഖയായി സപ്ലൈകോക്ക് നൽകാനുണ്ട്.
ഒന്നുകിൽ തുക നൽകണമെന്നും അല്ലെങ്കിൽ വിലവർധന നടപ്പാക്കണമെന്നും സപ്ലൈകോ ഭക്ഷ്യവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനത്തെ നിലവിലെ സാന്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കുടിശിക തുക നൽകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വിലവർധന.
നിത്യോപയോഗസാധനങ്ങളുടെ വിലവർധിപ്പിക്കുന്നതിന് പകരം സപ്ലൈകോക്ക് നൽകാനുള്ള കുടിശിക നൽകണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ധനകാര്യവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നില്ല. ഇതേ തുടർന്ന് ഭക്ഷ്യമന്ത്രിയും ധനമന്ത്രിയും തമ്മിൽ നേരിയതോതിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു.
സബ് സിഡി നൽകിയിരുന്ന 13 നിത്യോപയോഗസാധനങ്ങളുടെ വില വർധിപ്പിച്ചാൽ ജനങ്ങൾ സപ്ലൈകോയെ കൈവിടുമോയെന്ന ആശങ്കയും ഉണ്ട്. പഞ്ചസാര, ചെറുപയർ, മുളക്, മല്ലി, വൻപയർ, പച്ചരി ഉൾപ്പെടെയുള്ള സാധനങ്ങൾക്കാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.