സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന രാസലഹരിക്കേസുകള് വര്‍ധിക്കുമ്പോഴും ഇത് അന്വേഷിക്കുന്നതിനുള്ള എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. ലഹരി കടത്തുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതിനിടെ പിടിയിലാകുന്നവര്‍ക്കൊപ്പം, ലഹരിയുടെ വഴി തേടിപ്പോകാനാണ് 2019 ല്‍ എക്സൈസ് ക്രൈംബ്രാഞ്ച് സേന രൂപീകരിച്ചത്.
എറണാകുളം കച്ചേരിപ്പടിയിലുള്ള എക്സൈസ് ഓഫീസിലാണ് എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ ആസ്ഥാനം. സെന്‍ട്രല്‍ സോണ്‍, സൗത്ത് സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലായി നിലവില്‍ 13 ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉള്ളത്.
കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് എക്സൈസ് ക്രൈംബ്രാഞ്ച് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ജോയിന്റ് എക്സൈസ് കമ്മീഷണര്‍ക്കാണ് വിഭാഗത്തിന്റെ മേല്‍നോട്ട ചുമതല.
അദേഹത്തെ സഹായിക്കാനായി ഒരു അസി.എക്സൈസ് കമ്മീഷണര്‍, രണ്ട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, മൂന്ന് പ്രിവന്റീവ് ഓഫീസര്‍മാര്‍, മൂന്ന് സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, മൂന്ന് ഡ്രൈവര്‍ എന്നിവരാണ് എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തിലുള്ളത്.
സംസ്ഥാന സര്‍ക്കാര്‍, എക്സൈസ് കമ്മീഷണര്‍, അധികാരപ്പെട്ട കോടതികള്‍ എന്നിവര്‍ ഏല്‍പ്പിക്കുന്നതും എക്സൈസ് വകുപ്പില്‍ കണ്ടെടുക്കുന്നതുമായ പ്രധാനപ്പെട്ട അബ്കാരി, എന്‍ഡിപിഎസ് കേസുകള്‍ എന്നിവയുടെ അന്വേഷണം, കോടതിയില്‍ സമയബന്ധിതമായി ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കല്‍, പ്രസ്തുത കേസുകളുടെ തുടര്‍നടപടികള്‍ വീക്ഷിക്കല്‍ എന്നിവയാണ് വിഭാഗം മേധാവിയായ ജോയിന്റ് എക്സൈസ് കമ്മീഷണറുടെ ഉത്തരവാദിത്വം.
ജോയിന്റ് എക്സൈസ് കമ്മീഷണര്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും മേല്‍നോട്ടം വഹിക്കുകയും കേസന്വേഷണം സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ട് എല്ലാ മാസവും അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) മുഖേന എക്സൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം.
ഈ റിപ്പോര്‍ട്ട് മൂന്ന് മാസത്തിലൊരിക്കല്‍ എക്സൈസ് കമ്മീഷണര്‍ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നതാണ് രീതി. സുപ്രീംകോടതിയുടെ 2018 ഓഗസ്റ്റ് 16 ലെ വിധി അനുസരിച്ച് കേസെടുത്ത എക്സൈസ് ഉദ്യോഗസ്ഥന് ആ കേസില്‍ തുടരന്വേഷണം നടത്താന്‍ കഴിയില്ല.
സീനിയര്‍ ഉദ്യോഗസ്ഥനാണ് അന്വേഷിക്കേണ്ടത്. ഈ സാഹചര്യത്തില്‍ എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ കുറവ് മൂലം അന്തര്‍ സംസ്ഥാന ബന്ധമുള്ള പല ലഹരിക്കേസുകളുടെയും തുടര്‍ അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് അടുത്തിടെ പിടികൂടിയ പല രാസലഹരിക്കേസുകളിലും അന്തര്‍ സംസ്ഥാന ബന്ധം കണ്ടെത്തിയിരുന്നു. ഡല്‍ഹി, ബംഗളൂരു, ചെന്നൈ, ആന്ധ്ര, മുംബൈ എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി ഉള്‍പ്പെടെ എല്ലാ ലഹരിമരുന്നുകളും ഒഴുകിയെത്തുന്നത്.
ഇത്തരം കേസുകള്‍ അന്വേഷിക്കാനാണ് ഈ വിഭാഗം രൂപീകരിച്ചതെങ്കിലും പരിമിതി കാരണം എല്ലാ കേസുകളും ഏറ്റെടുക്കാന്‍ എക്സൈസ് ക്രൈംബ്രാഞ്ചിന് കഴിയുന്നില്ല. അംഗബലം കൂട്ടണമെന്ന് മാറിമാറി വരുന്ന എക്സൈസ് കമ്മീഷണര്‍മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതു പരിഹാരം ഉണ്ടായിട്ടില്ല.