ബംഗളൂരു: ദീപാവലി വെടിക്കെട്ടുമായി ഇന്ത്യൻ ബാറ്റർമാർ ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ തകർത്താടിയപ്പോൾ റിക്കാർഡുകൾ പൊട്ടിച്ചിതറി.
ബൗണ്ടറികളും സിക്സറുകളും ഇന്ത്യൻ താരങ്ങളുടെ ബാറ്റിൽനിന്നു പാഞ്ഞപ്പോൾ ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ അവസാന ലീഗ് മത്സരത്തിൽ നെതർലൻഡ്സിനെതിരേ 50 ഓവറിൽ പിറന്നത് നാല് വിക്കറ്റ് നഷ്ടത്തിൽ 410 റണ്‍സ്.
ഏകദിന ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന നാലാമത് സ്കോറാണിത്. ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഒന്‍പത് ജയം എന്ന റിക്കാർഡ് കുറിച്ച് ഇന്ത്യ ലീഗ് റൗണ്ട് പൂർത്തിയാക്കി. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ 160 റൺസിന് ഇന്ത്യ നെതർലൻഡ്സിനെ കീഴടക്കി. സ്കോർ: ഇന്ത്യ 50 ഓവറിൽ 410/4. നെതർലൻഡ്സ് 47.5 ഓവറിൽ 250.
ഗംഭീര തുടക്കം
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമയും (54 പന്തിൽ 61) ശുഭ്മാൻ ഗില്ലും (32 പന്തിൽ 51) 11.5 ഓവറിൽ 100 റണ്‍സ് അടിച്ചെടുത്താണ് പിരിഞ്ഞത്. ബൗണ്ടറി ലൈനിൽ ഉജ്വലമായ ഒരു ക്യാച്ചിലൂടെയായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ് അവസാനിച്ചത്. സ്കോർ ബോർഡിൽ 29 റണ്‍സുകൂടി ചേർന്നതോടെ രോഹിത്തും മടങ്ങി.
തുടർന്ന് മൂന്നാം വിക്കറ്റിൽ വിരാട് കോഹ്ലി (56 പന്തിൽ 51) – ശ്രേയസ് അയ്യർ (94 പന്തിൽ 128 നോട്ടൗട്ട്) കൂട്ടുകെട്ട് ഇന്ത്യൻ സ്കോർ 200ലെത്തിച്ചു. 28.4 ഓവറിൽ 200ൽ നിൽക്കേ കോഹ്ലിയെ റിയൂൾഫ് വാൻഡെർ മെർവ് ബൗൾഡാക്കി. അതോടെ അഞ്ചാം നന്പറായി കെ.എൽ. രാഹുൽ ക്രീസിൽ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ റിക്കാർഡ് കൂട്ടുകെട്ടായി ശ്രേയസ് അയ്യറും കെ.എൽ. രാഹുലും (64 പന്തിൽ 102) തകർത്താടുന്നതാണ് പിന്നീടു കണ്ടത്.
റിക്കാർഡ് കൂട്ടുകെട്ട്
ലോഗണ്‍ വാൻ ബീക്കിനെ മിഡ് വിക്കറ്റിനു മുകളിലൂടെ ഗാലറിയിലേക്ക് പറത്തിയാണ് കെ.എൽ. രാഹുൽ സെഞ്ചുറിയിലേക്ക് കുതിച്ചെത്തിയത്. നേരിട്ട 40-ാം പന്തിലായിരുന്നു രാഹുൽ 50 തികച്ചതെന്നതും ശ്രദ്ധേയം. 50ൽനിന്ന് 100ലേക്ക് എത്താൻ തുടർന്ന് 22 പന്ത് മാത്രമായിരുന്നു രാഹുലിനു വേണ്ടിവന്നത്.
48-ാം പന്തിൽ അർധസെഞ്ചുറി തികച്ച ശ്രേയസ് അയ്യർ നേരിട്ട 84 പന്തിൽ ശതകം പൂർത്തിയാക്കി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 128 പന്തിൽ 208 റണ്‍സ് അടിച്ചെടുത്തു.
ഒരു ഏകദിനത്തിൽ ഇന്ത്യക്കായി നാലും അഞ്ചും ബാറ്റർമാർ സെഞ്ചുറി നേടുന്നത് ഇതു നാലാം തവണയാണ്. 2017ൽ ഇംഗ്ലണ്ടിനെതിരേ യുവരാജ് സിംഗും എം.എസ്. ധോണിയുമായിരുന്നു അവസാനമായി ഒരു ഏകദിനത്തിൽ ഇന്ത്യക്കായി നാല് അഞ്ച് നന്പറിൽ സെഞ്ചുറി നേടിയവർ.
അച്ഛന്റെ റിക്കാർഡ് മകന്
64 പന്തിൽ നാല് സിക്സും 11 ഫോറും അടക്കം 102 റണ്‍സ് നേടിയ രാഹുൽ ബാസ് ഡി ലീഡിന്റെ പന്തിൽ പുറത്തായി. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന നെതർലൻഡ്സ് താരം എന്ന റിക്കാർഡ് (15 വിക്കറ്റ്) ബാസ് ഡി ലീഡ് സ്വന്തമാക്കി. അച്ഛൻ ടിം ഡി ലീഡിന്റെ (14) പേരിലുണ്ടായിരുന്ന റിക്കാർഡാണ് ബാസ് ഡി ലീഡ് തിരുത്തിയത്.
അനായാസ ജയം പ്രതീക്ഷിച്ച് പന്ത് കൈയിലെടുത്ത ഇന്ത്യയുടെ വഴിയിൽ നെതർലൻഡ്സ് ബാറ്റർമാർ വിലങ്ങു തീർത്തു. ഈ ലോകകപ്പിൽ ഇന്ത്യയുടെ ലീഗ് മത്സരങ്ങളിൽ രണ്ടാമത് ബാറ്റ് ചെയ്ത് 200നു മുകളിൽ റണ്‍സ് സ്കോർ ചെയ്ത ഏക ടീമും നെതർലൻഡ്സാണ്.
തേജാ നിദാമനുരു (54), സിബ്രാൻഡ് എങ്കൽബ്രെച്ച് (45), കോളിൻ അകർമാൻ (35), മാക് ഒഡൗഡ് (30) എന്നിവരാണ് നെതർലൻഡ്സിനായി തിളങ്ങിയത്. ഇന്ത്യക്കായി ബുംറ, സിറാജ്, കുൽദീപ് യാദവ്, ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഷമിക്ക് വിക്കറ്റ് ലഭിച്ചില്ല. രോഹിത്, കോഹ്ലി എന്നിവർ ഓരോ വിക്കറ്റ് നേടി.