കുമരകം: കുട്ടനാട്ടിലെ നെൽ കർഷകരെ നിർത്താതെ പെയ്യുന്ന തുലാവർഷം പ്രതിസന്ധിയിലാക്കി. നെല്ലു കൊയ്തെടുക്കാനും വിൽക്കാനുമാകാതെ കഷ്ടപ്പെടുകയാണ് കർഷകർ. പാടങ്ങളിൽ കൊയ്ത്ത് യന്ത്രങ്ങൾ താഴ്ന്നുപോകുന്നതാണ് വിളവെടുപ്പിനെ ബാധിച്ചത്.
120 ദിവസം മൂപ്പുള്ള ഉമ വിത്താണ് വിതച്ചത്. 140 ദിവസമായിട്ടും വിളവെടുപ്പ് നടത്താനാകാത്ത അവസ്ഥയിലാണ്. കഴിഞ്ഞ സീസണിൽ വിളവെടുപ്പുനടത്തിയ വയലുകളിൽ അപ്രതീക്ഷിത മഴ മൂലം യന്ത്രങ്ങൾ താഴുകയാണ്.
യന്ത്രക്കൊയ്ത്ത് നടക്കില്ലെന്ന് ഉറപ്പായതോടെ തൊഴിലാളികളെ ഇറക്കിയിരിക്കുകയാണ്. ദിവസവേതനമായി 700 രൂപയും ഭക്ഷണവും യാത്രാച്ചെലവുമാണ് സ്ത്രീ തൊഴിലാളികൾക്കു നൽകുന്നത്. കൊയ്തെടുക്കുന്ന കറ്റകൾ പുരുഷ തൊഴിലാളികൾ ചുമന്ന് കളത്തിൽ എത്തിക്കും. പുരുഷന് 1,100 രൂപയാണ് ദിവസവേതനം.
കൊയ്ത്ത് യന്ത്രത്തിന്റെ വരവോടെ മെതിയന്ത്രങ്ങൾ കിട്ടാത്ത സ്ഥിതിയാണു നിലവിലുള്ളത്. മെതിയന്ത്രം പ്രവർത്തിപ്പിക്കാനും തൊഴിലാളികൾ ആവശ്യമാണ്. ചെലവുകൾ എല്ലാം കൂട്ടിയാൽ നെല്ല് വിറ്റു കിട്ടുന്ന വിലക്കൊപ്പം ലഭിക്കില്ലെന്നാണു വസ്തുത.
നഷ്ടം സഹിക്കേണ്ടിവരുമെന്നറിഞ്ഞു തന്നെയാണ് തൊഴിലാളികളെക്കൊണ്ട് കൊയ്ത്തും മെതിയും നടത്താൻ കർഷകൻ തീരുമാനിച്ചിരിക്കുന്നത്.