കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി മൂപ്പൈനാടിൽ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. കാടാശേരിയില്‍ കോല്‍ക്കളത്തില്‍ ഹംസയുടെ വീട്ടിലെ വലിയ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്.
നിരവധി കോഴികൾ കൂട്ടിലുണ്ടായിരുന്നു. കോഴിയെ പിടിക്കാനെത്തിയ പുലി കോഴിക്കൂട്ടില്‍ അകപ്പെടുകയായിരുന്നു. ശബ്ദംകേട്ട് ഹംസ വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കൂട്ടില്‍ പുലിയെ കണ്ടത്. ഉടൻതന്നെ ഹംസ കോഴിക്കൂടിന്റെ വാതില്‍ അടച്ചു.
പുലി കുടുങ്ങിയ സംഭവമറിഞ്ഞ് അയല്‍ക്കാരും നാട്ടുകാരും രാത്രി തടിച്ചു കൂടി. വനംവകുപ്പ് ഉദ്യോഗസ്ഥർ വൈകാതെ സ്ഥലത്തെത്തി പുലിയെ വനംവകുപ്പിന്റെ കൂട്ടിലേക്ക് മാറ്റി.
പുലിയെ മുത്തങ്ങയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്കു മാറ്റും. പുലിയുടെ ആരോഗ്യനില വിശദമായ പരിശോധിച്ചശേഷമായിരിക്കും കാട്ടിലേക്ക് തുറന്നുവിടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുക.
കോഴിക്കൂട്ടില്‍നിന്ന് പുലി പുറത്തുവന്നിരുന്നെങ്കില്‍ പ്രദേശത്തുള്ളവര്‍ക്ക് വൻ ഭീഷണിയായി മാറുമായിരുന്നു. മേപ്പാടി മുപ്പൈനാട് മേഖലയില്‍ നാളുകളായി പുലിയുടെ സാന്നിധ്യമുണ്ട്.