ഭോപ്പാൽ: സിനിമയിലും ജീവിതത്തിലും ധാരാളം കുടിയന്മാരെ കണ്ടിട്ടുണ്ട്. അടിച്ചു പിമ്പിരിയായ ചിലരുടെ പ്രകടനങ്ങൾ ചിരി പടർത്തുന്നതായിരിക്കും. മധ്യപ്രദേശിലെ ചിന്ദ്വാര പോലീസ് സ്റ്റേഷനിൽ കഴിഞ്ഞദിവസം ഇതുപോലെ വ്യത്യസ്തനായ ഒരു കുടിയനെ പിടികൂടി. ഈ കുടിയൻ ചില്ലറക്കാരനല്ലെന്നാണു പോലീസിന്റെ വാദം.
സംഭവം ഇങ്ങനെ: സ്റ്റേഷനിൽ തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന മദ്യം ഒരുദിവസം കാണാതാകുന്നു. ഒന്നും രണ്ടും കുപ്പിയല്ല, 180 മില്ലിയുടെ 60 കുപ്പി മദ്യമാണ് അപ്രത്യക്ഷമായത്.
തൊണ്ടിമുതൽ കാണാതായത് പോലീസിനെ വല്ലാതെ കുഴക്കിയെങ്കിലും ഒടുവിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തി.
കേസിലെ പ്രതി ആരെന്നറിയണ്ടേ.. ഒരു എലി. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം എലി കുടിച്ചു തീർക്കുകയോ നശിപ്പിക്കുകയോ ചെയ്തെന്നാണ് പോലീസ് പറയുന്നത്.
പ്രതിയെ കണ്ടെത്തിയെന്നു മാത്രമല്ല, പിടികൂടുകയും ചെയ്തു. മൂഷികരാജൻ ഇപ്പോൾ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്റ്റേഷനിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്നതു ശ്രമകരമായ ജോലിയാണെന്നും പോലീസ് പറയുന്നു.
എലി മദ്യം കുടിച്ച സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസിനെതിരേ വ്യാപക ട്രോളുകളാണ് പങ്കുവയ്ക്കപ്പെടുന്നത്. പോലീസ് ഒരു പഞ്ചപാവത്തെ കള്ളക്കേസിൽ കുടുക്കിയെന്ന രീതിയിലാണ് കമന്റുകൾ. നേരത്തെ, ഇതേ സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന കഞ്ചാവു കാണാതെ പോയതു വൻ വിവാദമായിരുന്നു.