കൊച്ചി: കളമശേരി ബോംബ് സ്ഫോടന കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണസംഘം.
പ്രതിയുടെ തമ്മനത്തെ വീട്ടിലടക്കം തെളിവെടുപ്പ് നടത്തിയതോടെ കേസുമായി ബന്ധപ്പെട്ട പരാമവധി വിവരങ്ങള്‍ ശേഖരിച്ച് കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് നീക്കം.
ഇതിന്റെ ഭാഗമായി പ്രതിയെ അവസാനവട്ട ചോദ്യം ചെയ്യലിന് ഇന്ന് വിധേയനാക്കും. സ്ഫോടനം നടത്തിയതിനു പിന്നില്‍ മറ്റ് ആളുകള്‍ക്ക് പങ്ക് ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് പ്രിതി. വിദേശത്തായിരുന്ന ഇയാളുടെ സാമ്പത്തിക വിവരങ്ങളടക്കം പോലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.
അടുപ്പക്കാരില്‍ നിന്നടക്കം വിവരങ്ങളും മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്.സ്ഫോടനത്തിനായി പ്രതി പെട്രോള്‍ വാങ്ങിയ ഇടപ്പള്ളിയിലെയും തമ്മനത്തേയും പമ്പുകളിലും, ബോംബ് സര്‍ക്യൂട്ട് നിര്‍മിക്കാന്‍ ഉപകരണങ്ങള്‍ വാങ്ങിയ പള്ളിമുക്കിലെ ഇലക്ട്രോണിക് കടയിലും, സഞ്ചി വാങ്ങിയ അത്താണിയിലെ കടയിലും ഡൊമിനിക്ക് താമസിച്ചിരുന്ന തമ്മനത്തെ വാടക വീട്ടിലും അന്വേഷണസംഘം ഇന്നലെ തെളിവെടുപ്പ് നടത്തി.
14 പേര് ചികിത്സയില്‍
നിലവില്‍ വിവിധ ആശുപത്രികളിലായ 14 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 7 പേര് ഐസിയു ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. 7 പേര് വാര്‍ഡുകളില്‍ ചികിത്സയിലാണ്. സ്ഫോടനത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.