കോഴിക്കോട്: വീട്ടമ്മയെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. വെള്ളിപ്പറമ്പ് വടക്കെ വീരപ്പൊയില്‍ മുഹമ്മദലിയുടെ ഭാര്യ സൈനബയാണ് (57) ഈ മാസം ഏഴിനു കൊല്ലപ്പെട്ടത്.
ഈ കേസില്‍ മലപ്പുറം താനൂര്‍ കുന്നുംപുറം പള്ളി വീട് സമദിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമദിന്റെ സഹായി ഗൂഢല്ലൂര്‍ സ്വദേശി സുലൈമാനു വേണ്ടിയാണ് തെരച്ചില്‍ നടക്കുന്നത്. സമദിന്റെ ഡ്രൈവറാണ് സുലൈമാന്‍.
ഇയാള്‍ ലോറി ഡ്രൈവറാണ്. ഗൂഢല്ലൂരില്‍നിന്ന് ഇയാള്‍ കോയമ്പത്തൂരിലേക്ക് ബസില്‍ പോയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
ഇയാള്‍ ഡല്‍ഹി, മുംബൈ ഭാഗങ്ങളിലേക്ക് നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ സ്ഥിരമായി പോകാറുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. ഗൂഢല്ലൂരില്‍ അന്വേഷണം നടത്തുന്ന കസബ പോലീസ് സംഘം നാട്ടിലേക്ക് മടങ്ങി.
നിരവധി കേസുകളില്‍ പ്രതിയാണ് സുലൈമാനെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഗൂഢല്ലൂരില്‍നിന്ന് പാസ്റ്ററെ തട്ടികൊണ്ടുപോയ കേസില്‍ പ്രതിയാണ്. ഇയാള്‍ ഒറ്റയ്ക്കാണ് താമസം. സംഭവത്തിനുശേഷം മദ്യപിച്ചപ്പോള്‍ സുഹൃത്തുക്കളോടു പണം തട്ടിയെടുത്ത വിവരം പറഞ്ഞിരുന്നതായി വിവരമുണ്ട്.
ആ സംഘം സുലൈമാനെ മര്‍ദിച്ച് പണവും ആഭരണങ്ങളും കവര്‍ന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സുലൈമാനെ കണ്ടെത്തിയശേഷം മാത്രമേ അവരെയും പിടികൂടാന്‍ സാധിക്കുകയുള്ളൂ. നാടുകാണി ചുരത്തില്‍ ഒരു മൃതദേഹം കണ്ടതായി പ്രാദേശിക ചാനലുകളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് സുലൈമാന്‍ മുങ്ങിയതെന്ന് പോലീസ് കരുതുന്നു.
ഇയാള്‍ തമ്പടിക്കുന്ന കേന്ദ്രങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സുലൈമാന്റെ ബന്ധുക്കളുടെ വീട്ടിലും പോലീസ് സംഘം എത്തി.
എന്നാല്‍ ഇയാള്‍ വീട്ടില്‍ എത്തിയിട്ടില്ലെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ഇയാളുടെ മൊൈബല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. അവസാനം വിളിച്ച ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഈ മാസം ഏഴിന് കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് അടുത്തുനിന്നാണ് സെനബയെ സമദും സുലൈമാനും ചേര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയത്.വളരെ വേഗത്തില്‍ പണമുണ്ടാക്കുന്നതിനാണ് സൈനബയെ കൊലചെയ്തതെന്നാണ് സമദ് പോലീസിനു മൊഴി നല്‍കിയത്.
നവംബര്‍ ആറിന് തിരൂരിലെ ലോഡ്ജിലേക്ക് സുലൈമാനെ വിളിച്ചുവരുത്തിയാണ് ഗൂഢാലോചന നടന്നത്. സമദിന്റെ സുഹൃത്തിന്റെ കാര്‍ വാടകയ്ക്ക് എടുത്താണ് കോഴിക്കോട്ട് എത്തി സൈനബയെ കയറ്റിക്കൊണ്ടുപോയത്. കാറില്‍ കയറുന്ന സമയത്ത് സൈനബ 15 പവന്റെ ആഭരണങ്ങള്‍ ധരിച്ചിരുന്നു.
ബാഗില്‍ മൂന്നു ലക്ഷം രൂപയുമുണ്ടായിരുന്നു. അന്ന് വൈകിട്ട് അഞ്ചരയോടെ മുക്കത്തിനടുത്തുവച്ച് സൈനബ ധരിച്ച ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമദ് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
നാടുകാണി ചുരത്തില്‍ തള്ളിയ മൃതദേഹം കണ്ടെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക്് മാറ്റിയിട്ടുണ്ട്. കൊലപാതകത്തിനുശേഷം സംഘം സുലൈമാന്റെ ഗൂഢല്ലൂരിലെ വീട്ടിലെത്തിയാണ് രക്തം കഴുകി വൃത്തിയാക്കിയത്. പുതിയ വസ്ത്രം വാങ്ങി ധരിക്കുകയും ചെയ്തു.
പണം വീതംവച്ചെടുത്തു. ആഭരണം സമദ് സൂക്ഷിക്കുകയായിരുന്നു. പിന്നീട് സുലൈമാനും കൂട്ടാളികളും വന്നു ആഭരണങ്ങള്‍ കൈക്കലാക്കിയതായി സമദ് മൊഴി നല്‍കിയിട്ടുണ്ട്.
ഇതിന് മുന്‍പും സൈനബ പ്രതിക്കൊപ്പം ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. വെള്ളിപറന്പിൽ വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്.നവംബർ ഏഴിന് സൈനബയെ കാണാതായതായി ഭർത്താവ് മുഹമ്മദാലി കോഴിക്കോട് കസബ പോലീസിൽ പരാതി നൽകിയിരുന്നു.
സെക്യൂരിറ്റി ജീവനക്കാരനായ താൻ വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ സൈനബ വീട്ടിലുണ്ടായിരുന്നില്ലെന്നായിരുന്നു പരാതി. തുടർന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടയിൽ സൈബർ സെല്ലിൽനിന്നു ലഭിച്ച വിവരപ്രകാരം സൈനബയും സമദും നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞത്.