പത്തനംതിട്ട: സംസ്ഥാനത്ത് ലൈഫ് പദ്ധതി താളംതെറ്റിയെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎ. ഓമല്ലൂർ പള്ളത്ത് ജീവനൊടുക്കിയ ഗോപിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് പദ്ധതിയിൽ ഗോപി ആരംഭിച്ച വീടുപണി പൂർത്തിയാക്കിയില്ല. അടുത്തഘട്ടത്തിനു പണം ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലാതായതോടെയാണ് ഗോപി ജീവനൊടുക്കിയത്.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇതാണ് അവസ്ഥ. എല്ലായിടത്തും ലൈഫ് പദ്ധതിയിലെ വീടുകൾ പൂർത്തിയാകാതെ കിടക്കുന്നു. നിർമാണം പാതിവഴിയിലായ വീടുകൾ നിരവധിയാണ്. സർക്കാർ പ്രഖ്യാപനങ്ങൾ മാത്രമാണ് നടത്തുന്നത്. നടപ്പാക്കുന്ന കാര്യത്തിൽ ആത്മാർഥത ഇല്ല. പാവങ്ങളുടെ കൈയിൽ നിന്ന് അപേക്ഷ വാങ്ങി.
എന്നാൽ വീട് കൊടുത്തിട്ടില്ല.നാലുലക്ഷം രൂപ കൊണ്ട് വീട് നിർമിക്കാൻ കഴിയില്ല. ജോലിക്കൂലി, നിർമാണ സാമഗ്രികളുടെ വിലവർധന ഇതൊക്കെ കാരണം വലിയ തുക വേണ്ടി വരുന്നു. ഓമല്ലൂർ പഞ്ചായത്ത് അവരുടെ വിഹിതം നൽകിയിരുന്നു.
എന്നാൽ, ഹഡ്കോയുടെയും സർക്കാരിന്റെയും വിഹിതം നൽകിയില്ല. ഇത് ഗൗരവമായി സർക്കാർകാണണം. ഗോപിയുടെ കുടുംബത്തിന് വീട് പൂർത്തിയാക്കാൻ സർക്കാർ പണം നൽകണം. ഗോപിയുടെ ഭാര്യയുടെ ചികിത്സാച്ചെലവും സർക്കാർ വഹിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇവിടെ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന പിൻവലിച്ച് അദ്ദേഹം മാപ്പ് പറയണം. മന്ത്രി കർഷകരെ ആക്ഷേപിക്കുകയാണ് ചെയ്തത്. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും നെൽകർഷകർ വലിയ പ്രയാസത്തിൽ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, ആന്റോ ആന്റണി എംപി, കെപിസിസി അംഗം പി. മോഹൻരാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹകസമിതിയംഗം നഹാസ് പത്തനംതിട്ട എന്നിവരും രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു.