ആലപ്പുഴ: കടം കൊണ്ടും കഷ്ടപ്പാടുകൊണ്ടും സംസ്ഥാനത്ത് കർഷകർ ഉൾപ്പെടെയുള്ള സാധാരണ ജനങ്ങൾ ദുരിതത്തിലാണെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി.
ഇടതു സർക്കാരാകട്ടെ പണം പിഴിഞ്ഞു പിരിച്ച് കേരളീയവും നവകേരള സദസുമായി മുന്നോട്ടുപോകുന്നു. സർക്കാരിനെ പാഠം പഠിപ്പിക്കാൻ ആത്മഹത്യ ചെയ്യാൻ ഉദ്ദേശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.
ഇത് കമ്യൂണിസ്റ്റ് ഭരിക്കുന്ന കേരളമാണ്. ജീവൻ പോകുന്നതും ജീവൻ കളയുന്നതും സംസ്ഥാന ഭരണനേതൃത്വത്തെ വേദനിപ്പിക്കില്ല. അതുകൊണ്ട് ആത്മഹത്യ ഒന്നിനും പരിഹാരമാകില്ല.
ഈ സർക്കാരിനെതിരേ ജനകീയ പോരാട്ടം ശക്തിപ്പെടുത്തുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ആത്മഹത്യ ചെയ്ത പ്രസാദിന്റെ മകന്റെ മുഴുവൻ വിദ്യാഭ്യാസ ചെലവും ബിഡിജെഎസ് ഏറ്റെടുത്തതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു.
ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. സിനിൽ മുണ്ടപ്പള്ളി, ജനറൽ സെക്രട്ടറിമാരായ തമ്പി മേട്ടുത്തറ, അഡ്വ. ജ്യോതിസ്, സന്തോഷ് ശാന്തി തുടങ്ങിയവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.