ഇടുക്കി: പെന്ഷന് കിട്ടാത്തതിനെത്തുടര്‍ന്ന് പിച്ചച്ചട്ടിയെടുത്തത് അടിമാലി ടൗണില്‍ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന വാര്‍ത്ത തിരുത്തി സിപിഎം മുഖപത്രമായ ദേശാഭിമാനി.
മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും ഇവരുടെ മകള്‍ വിദേശത്താണെന്നും വാര്ത്തവരാനിടയായതില് ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചു. മറിയക്കുട്ടിയുടെ സഹോദരി റെയ്ച്ചല്‍ വര്‍ഷങ്ങളായി അമേരിക്കയിലാണെന്നും ഇതാണ് തെറ്റിധാരണ ഉണ്ടാക്കിയതെന്നുമാണ് പത്രം വിശദീകരിക്കുന്നത്.
നേരത്തെ, പെന്ഷന് മുടങ്ങിയതിനെത്തുടര്‍ന്ന് അടിമാലി ടൗണില്‍ ഭിക്ഷ യാചിച്ചു സമരംനടത്തിയ ഇവര്‍ക്കെതിരേ സോഷ്യല്‍മീഡിയയിലും സൈബറിടങ്ങളിലും വ്യാപക ആക്രമണം ഉയര്‍ന്നിരുന്നു.
വാര്‍ത്തയ്ക്ക് പിന്നാലെ തന്റെ പേരിലുണ്ടെന്ന് പറയുന്ന ഭൂമി കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് സ്വന്തമായി ഭൂമി ഇല്ലെന്ന് വില്ലേജ് ഓഫീസര്‍ കത്തു നല്കി.
ഇതോടെ തനിക്ക് ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം നടത്തിയതിനെതിരേ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ഇതിനുപിന്നാലെയാണ് പാര്‍ട്ടി മുഖപത്രം ഖേദപ്രകടനവുമായി എത്തിയത്.
എന്നാല്‍ താന്‍ കേസുമായി മുന്നോട്ടു പോകുമെന്നാണ് മറിയക്കുട്ടിയുടെ നിലപാട്. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്ഷന് നല്കാന് നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം. ഹര്‍ജി ബുധനാഴ്ച ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തേക്കും.