കോഴിക്കോട്: താരപ്പൊലിമയില്‍ സുരേഷ്ഗോപി പോലീസ് സ്റ്റേഷനില്‍ എത്തി. ഒപ്പം ബിജെപിയുടെ ഉന്നത േനതാക്കളും നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരും.
നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുരേഷ് ഗോപി ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടി ഒപ്പമുണ്ടെന്നും തെളിയിക്കുന്നതായിരുന്നു ഇത്. മാധ്യമ പ്രവര്‍ത്തകയോടു മോശമായി പെരുമാറിയെന്ന കേസില്‍ ചോദ്യം ചെയ്യലിനാണ് മുന്‍ എംപിയും ബിജെപി നേതാവുമായ സുരേഷ്ഗോപി ഇന്നു രാവിലെ നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഹാജരായത്.
മൊഴിയെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണു സൂചന.ഇംഗ്ലീഷ് പളളി ജംഗ്ഷന് (കേളപ്പജി പ്രതിമ പാര്‍ക്ക്) മുതല്‍ പദയാത്രയായി സ്റ്റേഷന് ഗേറ്റ് വരെയാണ് നേതാക്കളും പ്രവര്‍ത്തകരും റാലിയായി നീങ്ങിയത്.
സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ സ്ത്രീകള്‍ അടക്കമുള്ള വന്‍ ജനാവലി എത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്,സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്,സംസ്ഥാന വൈസ്പ്രസിഡന്റ് ശോഭാസുരേന്ദ്രന്, ജില്ലാപ്രസിഡന്റ് അഡ്വ. വി.കെ. സജീവന് എന്നീ നേതാക്കളും ഉണ്ടായിരുന്നു.
സുരേഷ് ഗോപിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നൂറുകണക്കിന് പ്രവര്‍ത്തകര്‍ എത്തിയതിനാല്‍ പോലീസ് സ്റ്റേഷന് പരിസരത്ത് കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.
രാവിലെ പതിനൊന്നരയോടെയാണ് സുരേഷ് ഗോപി എത്തിയത്. അറസ്റ്റിനു പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് കെ. സുരേന്ദ്രന് മാധ്യമങ്ങളോടു പറഞ്ഞു.