തിരുവനന്തപുരം: കുഞ്ചൻ നന്പ്യാർ പാടിയ പോലെ ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ശൈലിയാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പിന്തുടരുന്നതെന്ന് കോണ്ഗ്രസ് നേതാവും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ രാഷ് ട്രദീപികയോട് പറഞ്ഞു.
അഴിമതിയും ധൂർത്തും കൊണ്ടും ഈ സർക്കാർ കേരളത്തിന്റെ മേൽക്കൂരയും അസ്ഥിവാരവും തോണ്ടി കഴിഞ്ഞു.മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ മാസവാടകക്ക് ഹെലികോപ്ടറിന് ചെലവ് 90 ലക്ഷം, മന്ത്രിമാർക്ക് പോകാനുള്ള ആഡംബര ബസിന് ഒരു കോടി രൂപ.
സാധാരണക്കാരുടെ ദുരിതങ്ങളിൽ നിന്നും സർക്കാരിന്റെ അഴിമതിയും ജനങ്ങളിൽ നിന്നും മറച്ച് പിടിയ്ക്കാനാണ് കേരളീയവും നവകേരള സദസുമായി സർക്കാർ ഇറങ്ങിയിരിക്കുന്നത്.
മറിയക്കുട്ടിമാരും ജനകീയ ഹോട്ടൽ നടത്തിയവരും സർക്കാരിൽ നിന്നും നീതിക്കായി യാചിക്കുകയാണ്. രാജ്ഭവനിലെ ചെലവുകൾക്ക് പണമില്ലാതെ ഗവർണർ പട്ടിണിയിൽ, മന്ത്രിമാർ ഖജനാവിൽ നിന്നും പണം ധൂർത്തടിയ്ക്കുകയാണ്. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്പോൾ മുഖ്യമന്ത്രിയ്ക്ക് യാതൊരു കൂസലുമില്ല.
റോമാ നഗരം കത്തിയമരുന്പോൾ ചക്രവർത്തി വീണ വായിക്കുന്ന പോലെയാണ് കേരളത്തിലെ മുഖ്യമന്ത്രിയും ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. 84 വിദേശയാത്രകൾ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തി.
ഇതിൽ 30 യാത്രകൾ മുഖ്യമന്ത്രിയുടെ സ്വകാര്യ യാത്രകളായിരുന്നു. ഈ യാത്രകൊണ്ട് കേരളത്തിന് ഒരു രൂപയുടെ പ്രയോജനം പോലും കിട്ടിയില്ല.
അമേരിക്കൽ പോയ മുഖ്യമന്ത്രിക്ക് അവിടെയുള്ളവർ നല്ല ഒരു കസേര പോലും ഇരിയ്ക്കാൻ കൊടുക്കാതെ ഇരുന്പ് കസേരയിൽ ഇരുത്തി. മുഖ്യമന്ത്രിയ്ക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നതിന്റെ തെളിവാണിത്.
കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ച് സംസ്ഥാനത്തെ കൊള്ളയടിക്കുന്ന സർക്കാരാണിത്. കേരളത്തിലെ എൽഡിഎഫിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് മുതിർന്ന സിപിഎം നേതാവ് പറഞ്ഞത് യാഥാർത്ഥ്യമാകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. കേരളത്തിലെ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണെന്നും അദ്ദേഹം പരിഹസിച്ചു.