തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ധൂർത്താണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. നവകേരള സദസിന് ആഡംബര ബസിനായി ഒരു കോടി അഞ്ചുലക്ഷം രൂപ അനുവദിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയത്തിന്റെ തുടർച്ചയായാണ് നവകേരളസദസ് എന്നാണ് സർക്കാർ പറയുന്നത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ഖജനാവിലെ പണം ഉപയോഗിച്ച് നടത്തുന്ന പാർട്ടിപ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
ജനങ്ങളിൽ നിന്നും പരാതി കേൾക്കാനായി ആഡംബര ബസിന്റെ ആവശ്യം മന്ത്രിമാർക്കില്ല. സംസ്ഥാന ഖജനാവ് മുഖ്യമന്ത്രിയും മന്ത്രിമാരും കൊള്ളയടിക്കുകയാണ്.
അഴിമതിയും ധൂർത്തും പാഴ്ചെലവുകളും ആഡംബരവും സുഖലോലുപതയുമാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം ആരോപിച്ചു.
നവകേരള സദസ്സിന്റെ സംഘാടകസമിതി പോലും ബൂത്ത് തലത്തിലാണ് രൂപീകരിച്ചിരിക്കുന്നത്. ഇത് പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി പ്രവർത്തനം പൊതുപണം ഉപയോഗിച്ച് നടത്തുകയാണ്.
നവകേരള സദസിനുള്ള പണപ്പിരിവിന് ഉദ്യോഗസ്ഥർക്ക് ടാർജറ്റ് നൽകി നിർബന്ധപൂർവം പിരിവെടുപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.